കൊല്ലം: പൂട്ടിക്കിടക്കുന്ന ഫാക്ടറികള്‍ തുറന്ന് തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ കശുവണ്ടി മുതലാളിമാര്‍ക്ക് പിന്നാലെ സിപിഎം നേതാക്കളുടെ നെട്ടോട്ടം. വ്യവസായത്തിന്റെ അടിവേരറുത്ത സമരങ്ങള്‍ക്ക് നേതൃത്വം നല്കിയ ഇടതുപക്ഷ യൂണിയനുകളുടെയും സിപിഎമ്മിന്റെയും നേതാക്കള്‍ ഇപ്പോള്‍ മുതലാളിമാരോട് ഫാക്ടറികള്‍ തുറക്കാന്‍ രഹസ്യമായി അഭ്യര്‍ത്ഥിക്കുന്നതിന്റെ തിരക്കിലണ്.
സമരാവേശത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലായിരുന്ന ഇടതുനേതാക്കളുടെ പെട്ടെന്നുള്ള നിലപാട് മാറ്റം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ആറുമാസത്തിലേറെയായി തൊഴിലാളികള്‍ പട്ടിണിയിലാണ്. തങ്ങളുടെ ശക്തികേന്ദ്രങ്ങളായ തൊഴില്‍ശാലകള്‍ പൂട്ടികിടന്നാല് തൊഴിലാളികളുടെ പ്രതിഷേധം പാര്‍ട്ടിക്ക് പ്രതികൂലമായി ഭവിക്കുമെന്ന തിരിച്ചറിവിലാണ് നേതാക്കള്‍ നെട്ടോട്ടമോടുന്നത്. നേരത്തെ ശമ്പളവര്‍ധനവിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി കശുവണ്ടിഫാക്ടറി ഉടമകള്‍ നിരവധിതവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഏകപക്ഷീയമായി കൂലിവര്‍ധന നടപ്പാക്കിയതാണ് മുതലാളിമാരെ ഫാക്ടറികള്‍ അടച്ചുപൂട്ടുന്നതിന് പ്രേരിപ്പിച്ചത്.
തമിഴ്നാട്ടിലും ആന്ധ്രയിലും കര്‍ണാടകയിലും പ്രവര്‍ത്തിക്കുന്ന തങ്ങളുടെ കശുവണ്ടി ഫാക്ടറികളില്‍ കേരളത്തില്‍ നല്‍കുന്നതിന്റെ പകുതി സംസ്കരണചെലവ് മാത്രമാണ് ഉണ്ടാകുന്നതെന്നും ഇത്തരത്തില്‍ പോയാല്‍ കേരളത്തിലെ ഫാക്ടറികള്‍ അടച്ചിടാതെ മാര്‍ഗമില്ലെന്നുമാണ് കശുവണ്ടി ഫാക്ടറി ഉടമകള്‍ സ്വീകരിച്ച നിലപാട്. എന്നാല്‍ ഇതിനെ വെല്ലുവിളിച്ച് ഇടതുയൂണിയനുകള്‍ കൈക്കൊണ്ട നിലപാടുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഫാക്ടറികള്‍ പൂട്ടിയിടാനും തൊഴിലാളികളെ പട്ടിണിയിലാക്കാനുമെ ഉപകരിച്ചുള്ളു.
അതിനിടെ സിബിഐ അന്വേഷണ ഉത്തരവിന് ഇരയായ കശുവണ്ടി കോര്‍പ്പറേഷന്റെ ഗതികേടും തൊഴിലാളികളെ വലച്ചു. തൊഴിലില്ലാതായിട്ട് അഞ്ചുമാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തില്ലെന്ന് മാത്രമല്ല ഒരു ഘട്ടത്തില്‍ തൊഴിലാളികള്‍ക്ക് ചികിത്സാ ആനൂകൂല്യം വരെ നിഷേധിക്കപ്പെട്ട സാഹചര്യവും സംജാതമായി. തൊഴിലാളികള്‍ ഒറ്റക്കെട്ടായി ഇതിനെതിരെ രംഗത്തിറങ്ങിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇഎസ്ഐ കുടിശിക അടച്ച് ചികിത്സാആനൂകൂല്യം പുനസ്ഥാപിച്ചത്. തോട്ടണ്ടി ഇറക്കുമതിക്കും കുടിശികനിവാകരണത്തിനുമായി കശുവണ്ടി കോര്പ്പറേഷന് പരിമിതമായ തുക മാത്രമാണ് നല്‍കിയത്.
തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ തൊഴിലാളികള്‍ക്ക് തൊഴില്‍സുരക്ഷ നല്കിയെന്നു വരുത്തി അവരുടെ വോട്ടുകള്‍ ഉറപ്പാക്കുകയാണ് ഇടതുപാര്‍ട്ടികളുടെ ഇപ്പോഴത്തെ കരുനീക്കത്തിന് പിന്നില്‍. തങ്ങള്‍ സമരം ചെയ്ത് പൂട്ടിപ്പിച്ച സ്ഥാപനങ്ങള്‍ എങ്ങനെയെങ്കിലും തുറന്നുകിട്ടിയാല്‍ വോട്ടുകള്‍ ഇടതുപെട്ടിയില്‍ വീഴ്ത്താമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു. മറ്റുള്ള യൂണിയനുകള്‍ കൂടി ഉണ്ടായിട്ടും അടഞ്ഞുപോയ ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് മുന്നില്‍ പതിവുപോലെ യുഡിഎഫിന്റെ ഭരണപരാജയമായി അടച്ചുപൂട്ടലിലെ അവതരിപ്പിക്കാനാണ് ഇടതുപക്ഷനേതാക്കളുടെ നീക്കം.
കേരളത്തില്‍ മൂന്നുലക്ഷം തൊഴിലാളികളാണ് കശുവണ്ടിവ്യവസായത്തില്‍ പണിയെടുക്കുന്നത്. കൊല്ലം ജില്ലയില്‍ രണ്ടുലക്ഷത്തോളം തൊഴിലാളികളുണ്ടെന്നാണ് കണക്ക്. 90 ശതമാനവും സ്ത്രീകള്‍ പണി ചെയ്യുന്ന ഒരു തൊഴില്‍ മേഖലയെ തകര്‍ത്തതില്‍ നിര്‍ണായക പങ്ക് വഹിച്ച ഇടതുയൂണിയനുകള്‍ ഇപ്പോള്‍ അതിന്റെ പഴിയും പ്രതിഷേധവും വഴിതിരിച്ചുവിടാനുള്ള തീവ്രശ്രമത്തിലാണ്. കശുഅണ്ടി വ്യവസായവുമായോ സംസ്കരണവുമായോ ബന്ധമില്ലാത്തവര്‍ കശുവണ്ടി ഇറക്കുമതിരംഗത്ത് വന്നതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് ഇടതുപക്ഷം വാദിക്കുന്നു. ഇടതും വലതും ഒന്നിച്ചു കശുവണ്ടി കോര്പ്പറേഷന് ഭരിക്കുമ്പോഴും തോന്നിയതുപോലെ തോട്ടണ്ടിയുടെ വില വര്‍ദ്ധിപ്പിക്കുകയും കൊള്ളലാഭം ഇടനിലക്കാര്‍ കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: