റോം: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗില്‍ മുന്‍ ചാമ്പ്യന്‍ ഇന്റര്‍ മിലാന് ജയം. സാംപ്‌ദോറിയയെ ഒന്നിനെതിരെ മൂന്നു ഗോളിനു കീഴടക്കി ഇന്റര്‍. അതേസമയം, നിലവിലെ ചാമ്പ്യന്‍ യുവന്റസിന് അപ്രതീക്ഷിത സമനില. ലീഗിലെ പിന്നാമ്പുറക്കാര്‍ ബൊളോന ഗോളടിക്കാന്‍ വിടാതെ യുവന്റസിനെ പിടിച്ചുകെട്ടി. സമനിലയെങ്കിലും 26 കളികളില്‍ 58 പോയിന്റുമായി യുവന്റസ് ഒന്നാമത് തുടരുന്നു. ജയിച്ചിരുന്നെങ്കില്‍ ഒന്നാംസ്ഥാനം സുരക്ഷിതമാക്കാമായിരുന്നു ചാമ്പ്യന്മാര്‍ക്ക്. 25 കളികളില്‍ 56 പോയിന്റുമായി നെപ്പോളി തൊട്ടുപിന്നാലെ.
സ്വന്തം മൈതാനത്ത് ഡാനിയല്‍ അംബ്രോസിയോ (23), മിറാന്‍ഡ (57), മൗറോ ഇക്കാര്‍ഡി (73) എന്നിവരുടെ ഗോളുകളാണ് ഇന്ററിന് മികച്ച ജയം സമ്മാനിച്ചത്. ഫാബിയോ ക്വാഗ്ലിയറെല്ല സാംപ്‌ദോറിയയുടെ ആശ്വാസം. 26 കളികളില്‍ 48 പോയിന്റുമായി നാലാം സ്ഥാനത്താണ് ഇന്റര്‍. മറ്റൊരു കളിയില്‍ ഹെല്ലാസ് വെറോണ 3-1ന് ചീവോയെ കീഴടക്കി.
പിഎസ്ജിയുടെ തേരോട്ടം
പാരീസ്: ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗില്‍ നിലവിലെ ജേതാക്കള്‍ പാരീസ് സെന്റ് ജര്‍മന്റെ അപരാജിത കുതിപ്പ് തുടരുന്നു. 27 കളികളിലെ 23ാം ജയം സ്വന്തമാക്കി കിരീടത്തിലേക്ക് അടുത്തു പിഎസ്ജി. കഴിഞ്ഞ കളിയില്‍ റെയ്മസിനെ ഒന്നിനെതിരെ നാലു ഗോളിന് തുരത്തിയ പിഎസ്ജി 73 പോയിന്റുമായി ബഹുദൂരം മുന്നില്‍. രണ്ടാമതുള്ള മൊണാക്കോയ്‌ക്ക് 49 പോയിന്റ്.
സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ചിന്റെ ഇരട്ട പ്രഹരവും (43, 68), ഗ്രിഗറി വാന്‍ ഡെര്‍ വീല്‍ (12), എഡിന്‍സണ്‍ കവാനി (45+) എന്നിവരുമാണ് തട്ടകത്തില്‍ മിന്നും ജയത്തിന് ചാമ്പ്യന്മാരെ തുണച്ചത്. പ്രിന്‍സ് ഒനിയന്‍ഗ്വെ (34) റെയ്മസിന്റെ ആശ്വാസം.
മറ്റൊരു കളിയില്‍ രണ്ടാം സ്ഥാനക്കാരായ മൊണാക്കൊ ട്രോയസിനെ കീഴടക്കി (3-1). ഗിയഡൊ മാഴ്‌സെലൊ കാരില്ലൊയുടെ ഇരട്ട ഗോളുകള്‍ മൊണാക്കൊയ്‌ക്ക് ജയം സമ്മാനിച്ചത്. കിലിയാന്‍ മബാപ്പെ ലോട്ടിന്‍ മൂന്നാം ഗോള്‍ നേടി. ബബാകര്‍ ഗ്യുയെ ട്രോയിസിന്റെ ആശ്വാസം. മൂന്നാം സ്ഥാനക്കാര്‍ നീസ് ഒമ്പതാമതുള്ള ബോര്‍ഡ്യുക്‌സിനോട് ഗോള്‍രഹിത സമനില വഴങ്ങി. നീസിന് 41 പോയിന്റ്.
മറ്റു കളികളില്‍ ആംഗേഴ്‌സ് 3-2ന് മോണ്ട്‌പെല്ലിയറിനെയും, ലോറിയന്റ് 4-3ന് ഗ്വിന്‍ഗാംപിനെയും കീഴടക്കി. ടൗളൗസ്-ഗാസെലെക് അജാസിയോ മത്സരം സമനിലയില്‍ (1-1).
സെവിയ്യയ്‌ക്ക് സമനില
മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ മുന്‍നിരക്കാര്‍ സെവിയ്യയ്‌ക്ക് സമനില. റയോ വല്ലെക്കാനോയാണ് സെവിയ്യയെ തളച്ചത് (2-2). രണ്ടു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് നിലവിലെ യുറോപ്പ ജേതാക്കള്‍ സെവിയ്യ കുരുങ്ങിയത്. പത്താം മിനിറ്റില്‍ സ്റ്റീവന്‍ സോന്‍സിയും, ഇരുപതാം മിനിറ്റില്‍ ഇബോറയും സെവിയ്യയെ മുന്നിലെത്തിച്ചു. എന്നാല്‍, 43ാം മനൗച്ചൊ ഗൊണ്‍കാല്‍വ്‌സും, 62ാം മിനിറ്റില്‍ നിക്കോളസ് ഫെഡറും വല്ലെക്കാനോയ്‌ക്കായി ഗോള്‍ മടക്കി.
മറ്റൊരു മത്സരത്തില്‍ സെല്‍റ്റ ഡി വിഗോയ്‌ക്ക് ജയം. ഐബറിനെ രണ്ടിനെതിരെ മൂന്നു ഗോളിനു കീഴടക്കി സെല്‍റ്റ. ജോണ്‍ ഗ്വിഡെറ്റിയുടെ ഇരട്ട ഗോളുകള്‍ സെല്‍റ്റയെ ജയത്തിലേക്കു നയിച്ചത്. 31, 69 മിനിറ്റില്‍ ജോണ്‍ ലക്ഷ്യം കണ്ടു.
ജോണി കാസ്‌ട്രോയും സ്‌കോര്‍ ചെയ്തു. സൗള്‍ ബെര്‍ജോന്‍, തകാഷി ഇന്യുയി എന്നിവര്‍ ഐബറിനായി ഗോള്‍ മടക്കി. റയല്‍ ബെറ്റിസിനെ സ്‌പോര്‍ട്ടിങ് ഗിയോണ്‍ കുരുക്കി (1-1).
കഴിഞ്ഞ ദിവസത്തെ കളിയില്‍ ചാമ്പ്യന്മാര്‍ ബാഴ്‌സലോണയ്‌ക്കും ജയം. 2-1ന് ലാസ് പല്‍സാമിനെ കീഴടക്കി കറ്റാലന്മാര്‍. 25 കളികളില്‍ 63 പോയിന്റുമായി കിരീട പോരാട്ടത്തില്‍ മാഡ്രിഡ് ടീമുകളേക്കാള്‍ മുന്നില്‍ ബാഴ്‌സ. 25 കളികളില്‍ 63 പോയിന്റുണ്ട് കറ്റാലന്മാര്‍ക്ക്. മറ്റുകളികളില്‍ എസ്പാന്യോള്‍ മടക്കമില്ലാത്ത ഒരു ഗോളിന് ഡിപോര്‍ട്ടീവൊ ല കൊരുണയെ കീഴടക്കി. ലെവന്റെ മടക്കമില്ലാത്ത മൂന്നു ഗോളിന് ഗെറ്റാഫെയെതകര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: