കോഴിക്കോട്: നാഗ്ജി കപ്പ് നിപ്രോയ്‌ക്ക്. ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ ബ്രസീല്‍ ക്ലബ് അത്‌ലറ്റികോ പരാനെന്‍സിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഉക്രെനിയന്‍ ക്ലബ്ബായ എഫ്‌സി നിപ്രോ പരാജയപ്പെടുത്തിയത്. കളിയുടെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ നിപ്രോയ്‌ക്ക് മുന്നില്‍ നേരിയ മുന്നേറ്റങ്ങള്‍ പോലും നടത്താന്‍ പരാനെന്‍സ് താരങ്ങള്‍ക്കായില്ല. പന്തുമായി നിരവധി തവണ നിപ്രോ താരങ്ങളായ ഇഹോര്‍ കോഹട്ട്, വ്‌ലാഡിസ്ലേവ് കൊച്ചേര്‍ഗിന്‍, യുറില്‍ വാകുല്‍ക്കോ, ഡെന്നിസ് ബാലന്യൂക്ക്, മാക്‌സിം ലുനേവ് എന്നിവര്‍ ഗോള്‍മുഖം ലക്ഷ്യമാക്കി നടത്തിയ മുന്നേറ്റങ്ങള്‍ തടയാനാകാതെ കുഴങ്ങുകയായിരുന്നു പരാനെന്‍സ് താരങ്ങള്‍.
നാല്‍പ്പത്തൊന്നാം മിനുറ്റില്‍ ലഭിച്ച ഫ്രീകിക്കിലൂടെയാണ് നിപ്രോയുടെ ആദ്യ ഗോള്‍. യുറില്‍ വാകുല്‍ക്കോ എടുത്ത ഫ്രീകിക്ക് പരാനെസ് ബോക്‌സില്‍ കാത്തു നിന്ന ബലാന്യുക്കില്‍ തട്ടി തെറിച്ചു. പന്ത് കൈപ്പിടിയിലൊതുക്കാന്‍ ശ്രമിച്ച പരാനന്‍സ് നായകന്‍ ലൂക്കാസ് ഫെരേറിയയും നിപ്രോയുടെ ഇഗോര്‍ കോഹട്ടും തമ്മില്‍ കൂട്ടിയിച്ചതിനിടെ കോഹട്ടിന്റെ കാലില്‍ തട്ടി പന്ത് പരാനെന്‍സ് വലക്കുള്ളിലായി.
ഗോളിനായി കാനറികള്‍ നിപ്രോ ബോക്‌സിനടുത്ത് വട്ടമിട്ടു നില്‍ക്കുന്നതിനിടെയാണ് 62-ാം മിനുറ്റില്‍ പരാനെന്‍സ് വല വീണ്ടും കുലുങ്ങിയത്. മൈതാന മധ്യത്തേക്ക് അതിവേഗം കുതിച്ച കൊച്ചെര്‍ഗിന്‍ നല്‍കിയ കുറിയ പാസ് വലതു വിങ്ങിലൂടെ പരാനെന്‍സ് ബോക്‌സിലെത്തിയ ബലാന്യൂക്ക് കൃത്യമായി കണക്ട് ചെയ്തു.
ഓടിയെത്തിയ ഗോളി ലൂക്കാസ് ഫെരാറിയുടെ തലയ്‌ക്ക് മുകളിലൂടെ ബലാന്യൂക് അടിച്ചിട്ട പന്ത് രണ്ടാം ഗോളും സമ്മാനിച്ചു. 85-ാം മിനുറ്റില്‍ നടത്തിയ മുന്നേറ്റത്തിനിടെ നിപ്രോയുടെ മൂന്നാം ഗോളും പിറന്നു. ഇടതു വിങ്ങില്‍ നിന്നും യുറില്‍ വാകുല്‍ക്കോ പോസ്റ്റിനെ ലക്ഷ്യമാക്കിയടിച്ച ഷോട്ട് പരാനെന്‍സ് താരം മൗറിഷ്യോ സാന്റോസിന്റെ കാലില്‍ തട്ടി വലയിലേക്ക്. പരാെനന്‍സിനായി ആരവമുയര്‍ത്തിയ കാണികളെ നിശബ്ദമാക്കി ഇങ്ങനെ നിപ്രോയുടെ മൂന്നാം ഗോളും പിറന്നു.
കളി തുടങ്ങിയ നിമിഷം മുതല്‍ പരാനെന്‍സ് താരങ്ങളെ കബളിപ്പിച്ചുകൊണ്ട് മുന്നേറുകയായിരുന്നു നിപ്രോ താരങ്ങള്‍. 2,5,6 മിനുറ്റുകളില്‍ തുടര്‍ച്ചയായി നിപ്രോ താരങ്ങള്‍ പരാനെന്‍സ് ഗോള്‍മുഖത്തെത്തി. ആറാം മിനുറ്റില്‍ മാക്‌സിം ലുനോവ് നീട്ടി നല്‍കിയ പന്ത് ബാലന്യുക്കിന് വലയിലെത്തിക്കാനായില്ല.
എട്ടാം മിനുറ്റിലാണ് പരാനെന്‍സ് ആദ്യ മുന്നേറ്റം നടത്തിയത്. ജാവോ പെട്രോയും ആന്ദ്രേ ആല്‍ഫ്രഡോയും ചേര്‍ന്ന് 18-ാം മിനുറ്റില്‍ മറ്റൊരു മുന്നേറ്റം നടത്തും വരെ പന്ത് പൂര്‍ണ്ണമായും നിപ്രോയുടെ നിയന്ത്രണത്തിലായിരുന്നു. പതിനൊന്നാം മിനുറ്റില്‍ യുറില്‍ വാകുല്‍ക്കോയും കൊച്ചേര്‍ഗിനും ചേര്‍ന്ന് നല്‍കിയ സുവര്‍ണാവസരം നിപ്രോയുടെ ബലാന്യുക്ക് പുറത്തേക്കടിച്ചിട്ടു. 17, 18, 23 മിനുറ്റുകളിലും യുറില്‍ വാകുല്‍ക്കോയുടെ നേതൃത്വത്തില്‍ പരാനെന്‍സ് ഗോള്‍ മുഖം ആക്രമിച്ചെങ്കിലും ഗോള്‍ പിറന്നില്ല.
ആദ്യപകുതിയുടെ അവസാന മിനുറ്റുകളില്‍ ബ്രസീല്‍ താരങ്ങള്‍ നിരന്തരം മുന്നേറ്റം നടത്തി. 29-ാം മിനുറ്റില്‍ നിപ്രോ പ്രതിരോധത്തെ കബളിപ്പിച്ച് യാഗോ സില്‍വ നല്‍കിയ സുന്ദരമായ പാസ് പരാന്‍സിന്റെ സൂപ്പര്‍ താരം ജാവോ പെട്രോ ക്രോസ് ബാറിനു മുകളിലൂടെ അടിച്ചിട്ടത് നിരാശയോടെയാണ് കാണികള്‍ നോക്കി നിന്നത്.
















