കണ്ണൂര്‍: ഉത്തരമലബാറിന്റെ ആകാശസ്വപ്നങ്ങള്‍ക്ക് ചിറകേകി കണ്ണൂരിലെ മൂര്‍ഖന്‍ പറമ്പിലെ വിമാനത്താവളത്തില്‍ നിന്നുളള പരീക്ഷണപ്പറക്കല്‍ 29ന്. കാത്തിരിപ്പിനിനി ഏഴു നാള് മാത്രം. പരീക്ഷണപ്പറക്കല്‍ ആഘോഷമാക്കാനുളള തയ്യാറെടുപ്പിലാണ് മട്ടന്നൂരിലും പരിസര പ്രദേശത്തുമുളള നാട്ടുകാര്‍. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ തങ്ങളാണ് കണ്ണൂര്‍ വിമാനത്താവളം യഥാത്ഥ്യമാക്കിയതെന്ന അവകാശവാദത്തിനു വേണ്ടി തിരക്കിട്ട നീക്കങ്ങളാണ് ഏതാനും മാസങ്ങളായി യുഡിഎഫിന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. റണ്‍വേയുടെ പ്രവൃത്തികള്‍ പോലും ശരിയായ രീതിയില്‍ പൂര്‍ത്തികരിക്കും മുമ്പേ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് നാടകമാണ് പരീക്ഷണ പറക്കലെന്ന ആരോപണം ശക്തമാണ്. എന്നാല്‍ നാടിന്റെ വികസനത്തിന് പുതിയൊരേട് തുറന്നുകൊണ്ട് നമ്മുടെ സ്വന്തം നാടും വൈമാനിക ഭൂപടത്തില്‍ ഇടംനേടുന്നതിന്റെ ആത്മഹര്‍ഷത്തില്‍ എല്ലാം മറന്ന് ഒരുമയോടെ കന്നിപ്പറക്കല്‍ മഹാസംഭവമാക്കി മാറ്റാനുളള തയ്യാറെടുപ്പുകളാണ് നിര്‍ദ്ദിഷ്ട വിമാനത്താവള പ്രദേശത്തും പരിസരങ്ങളിലും സര്‍ക്കാരും വിമാനത്താവള നിര്‍മ്മാണ കമ്പനിയായ കിയാലും നാട്ടുകാരും.
29ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തിലാണ് മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പില്‍ ആദ്യ പരീക്ഷണപറക്കല്‍ നടക്കുക. ഉദ്ഘാടന പരിപാടിയില്‍ വന്‍ ജനാവലി എത്തിച്ചേരുമെന്ന പ്രതീക്ഷയില്‍ വന്‍ ഒരുക്കങ്ങളാണ് അധികൃതര്‍ പദ്ധതി പ്രദേശത്ത് സജ്ജീകരിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായ 2400 മീറ്റര്‍ റണ്‍വേയില്‍ 1500 മീറ്റര്‍ വരെയുളള ഭാഗത്താണ് വിമാനം പറന്നിറങ്ങുക. സിഗ്നല്‍ സംവിധാനം നേരത്തെ ഒരുക്കിക്കഴിഞ്ഞു. റണ്‍വേക്ക് സമീപം ആളുകള്‍ പ്രവേശിക്കാതിരിക്കാന്‍ വന്‍ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുളളത്. ചടങ്ങിനുളള സൗകര്യങ്ങള്‍ ഇവന്റ് മാനേജ്മെന്റ് സംരംഭകരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ചെറിയ വിമാനമാണ് ആദ്യം പറന്നിറങ്ങുക. മൂന്നു വര്‍ഷം കൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലവിലുളള രീതിയില്‍ നടത്തിയിരിക്കുന്നത്. 2016 സെപ്തംബറോടെ രാജ്യാന്തര സര്‍വ്വീസ് ആരംഭിക്കാനാകുമെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ കണക്കുകൂട്ടല്‍.
അതേസമയം റണ്‍വേ നീട്ടുന്നതിനുളള സ്ഥലമെടുപ്പ് നടപടികള്‍ പുരോഗമിക്കുകയാണ്. അടുത്ത ഘട്ടത്തില്‍ 4000 മീറ്ററായി റണ്‍വേ ഉയര്‍ത്താനാണ് നീക്കം. സംസ്ഥാന സര്‍ക്കാരിന് 35 ശതമാനവും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 25 ശതമാനവും സ്വകാര്യ വ്യക്തികള്‍ക്ക് 30 ഉം എയര്‍പോര്‍ട്ട് അതോറിറ്റിക്ക് 10 ശതമാനവുമാണ് കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണ കമ്പനിയായ കിയാലിലുളളത്.
വിമാനത്താവളം യാഥാര്‍ത്ഥ്യമാവുന്നതോടെ കാലത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം ഉത്തരമലബാറും പുരോഗതിയുടെ പടവുകള്‍ കയറും. ആ വികസനക്കുതിപ്പിന് വേഗതയുടെ ചിറകുകള് വിടര്‍ത്തി മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പ് ഇനിയങ്ങോട്ട് നിലകൊളളും. ഉത്തര മലബാറുകാരുടേയും കുടക് ഉള്‍പ്പെടെയുളള അതിര്‍ത്തി സംസ്ഥാനത്തെ പ്രദേശത്തേയും ജനങ്ങളുടെ ദീര്‍ഘ കാലത്തെ പ്രതീക്ഷകളും മോഹങ്ങളുമാണ് വിമാനത്താവളം യാഥാര്‍ത്ഥ്യമാവുന്നതോടെ പൂവണിയുന്നത്. ഉറ്റവരേയും ഉടയവരേയും പ്രവാസി ലോകത്തേക്ക് യാത്രയാക്കാന്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഒരു ദിവസം മുഴുവന്‍ നഷ്ടപ്പെടുത്തി കോഴിക്കോട്ടും മംഗലാപുരത്തും പോകേണ്ടി വരുന്ന ബന്ധുജനങ്ങള്‍ക്ക് അതെല്ലാം ഓര്‍മ്മയാവും.
കേരളത്തിലെ നാലാമത്തേതും രാജ്യത്തെ രണ്ടാമത്തേയും പരിസ്ഥിതി സൗഹൃദ എയര്‍പോര്‍ട്ടാണ് ഏറ്റവും ആധുനികമായ രീതിയില്‍ മൂര്‍ഖന്‍പറമ്പില്‍ ഉയരുന്നത്. നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുളള കണ്ണൂരില്‍ പ്രവര്‍ത്തന സജ്ജമാകുന്ന വിമാനത്താവളം കണ്ണൂരിന്റെ മുഖച്ഛായ മാറ്റാനുതകുന്ന സംരംഭമെന്ന നിലയില്‍ വളരെ പ്രതീക്ഷയോടെയാണ് ജനം നോക്കിക്കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: