കോട്ടയം: ദക്ഷിണഭാരതത്തിലെ പ്രഥമ കോളേജിന്റെ 200-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ ഭാരതത്തിന്റെ പ്രഥപൗരന് കോട്ടയത്തെത്തും. 26നാണ് രാഷ്ട്രപതി പ്രണാബ്കുമാര്‍ മുഖര്‍ജി കോട്ടയം സിഎംഎസ് കോളേജിലെത്തുന്നത്. രാഷ്ട്രപതിയെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കോളേജ് പ്രിന്‍സിപ്പില്‍ ഡോ. റോയി സാം ഡാനിയല്‍ ജന്മഭൂമിയോട് പറഞ്ഞു.
ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടിയാണ് രാഷ്ട്രപതിഭവന്റെ അംഗീകാരത്തിനായി നല്‍കിയിരിക്കുന്നത്. കോളേജ് കോമ്പൗണ്ടിലെ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് വേദി. ഉന്നത പോലീസ് അധികാരികളെത്തി സുരക്ഷ പരിശോധനകള്‍ നടത്തി ആവശ്യമായ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. അതനുസരിച്ചുള്ള ക്രമീകരണങ്ങളാണ് പരോഗമിക്കുന്നത്.
1815-ല്‍ ചര്‍ച്ച് മിഷണറി സൊസൈറ്റി (സിഎംഎസ്)യുടെ നേതൃത്വത്തില്‍ 25 വൈദിക വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനമാരംഭിച്ച കോട്ടയം കോളേജ് ഇന്ന് കോട്ടയം സിഎംഎസ് കോളേജ് എന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം അനുവദിച്ചുകിട്ടിയ എം.എ. മലയാളത്തിലടക്കം ഇന്ന് 1300 ഓളം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. എംഎ ഇക്കണോമിക്സിന് അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോളേജ് അധികൃതരും വിദ്യാര്‍ത്ഥികളും. അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരുന്നതായി പ്രിന്‍സിപ്പല്‍ പറഞ്ഞു.
തിരുവിതാംകൂറിലെ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടിയാണ് കോളേജ് തുടങ്ങുന്നതിനാവശ്യമായ 30 ഏക്കര്‍ സ്ഥലം തിരുനക്കര ക്ഷേത്രത്തിന്റെ വടക്കുവശത്ത് മീനച്ചിലാറിന്റെ തീരത്തുള്ള അണ്ണാന്‍കുന്നില്‍ അനുവദിച്ചുനല്കിയത്. കെട്ടിടനിര്‍മ്മാണത്തിനാവശ്യമായ തടിയും 500 രൂപയും തമ്പുരാട്ടി നല്കി.
ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായംപോലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഇവിടെ താമസിച്ചാണ് ആദ്യകാലങ്ങളില്‍ പഠനം നടത്തിയിരുന്നത്. കാലം മാറിയതോടെ ഈ സമ്പ്രദായത്തിനും മാറ്റം വന്നുവെങ്കിലും ആദ്യ പ്രിന്‍സിപ്പല്‍ ആയ ബെഞ്ചമിന്‍ ബെയ്ലി മുതല്‍ ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ ആയ ഡോ. റോയി സാം ഡാനിയേല്വരെയുള്ള എല്ലാ പ്രിന്‍സിപ്പല്‍മാരും കോളേജ് കോമ്പൗണ്ടിലെ പ്രിന്‍സിപ്പല്‍ ബംഗ്ലാവിലാണ് താമസം.
കോളേജ് സമുച്ചയം പൗരാണിക പ്രൗഢിയോടെ സംരക്ഷിക്കുന്നതിനായി 2015-ല്‍ യുജിസി കോളേജിന് പൈതൃകപദവി അംഗീകാരം ലഭിച്ചിരുന്നു.
മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന്, സര്‍ദാര്‍ കെ.എം. പണിക്കര്‍, കെ.പി.എസ്. മേനോന്, എന്‍.എന്‍. പിള്ള, കാവാലം നാരായണപ്പണിക്കര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, കടമ്മനിട്ട രാമകൃഷ്ണന്, ജസ്റ്റിസ് കെ.ടി. തോമസ്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങി നിരവധി പ്രശസ്തര്‍ ഈ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പട്ടികയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: