ഹരിപ്പാട്: നങ്ങ്യാര്‍കുളങ്ങര ഭാരതിയില്‍ സുരന്റെ ഭാര്യ ജലജ (51) കൊല്ലപ്പെട്ട കേസില്‍ അന്വഷണം ക്രൈംബ്രാഞ്ചില്‍ നിന്ന് സിബിഐയ്ക്ക് കൈമാറും. കൊലപാതകം നടന്ന് ആറുമാസമായിട്ടും പ്രതികളെ പിടിക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിയാത്ത പശ്ചാത്തലത്തിലാണ് അന്വേഷണം സിബിഐയ്ക്ക് വിടുന്നതെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഉത്തരവ് ഈ മാസം ഒടുവില്‍ ഉണ്ടാകും. ചെറുതനയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ആഗസ്റ്റ് 13ന് ഉച്ചയ്ക്ക് ശേഷമാണ് ജലജ കൊല്ലപ്പെട്ടത്. ലോക്കല്‍ പോലീസ് അന്വേഷണം നടത്തി പ്രതിയെക്കുറിച്ച് സൂചനയൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ഒന്നരമാസത്തിന് ശേഷം അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ക്രൈംബ്രാഞ്ച് നാലരമാസം അന്വേഷണം നടത്തിയിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല. അതേസമയം അന്വേഷണം ഭരണകക്ഷികള്‍ തന്നെ അട്ടിമറിക്കുന്നതായി ആക്ഷേപവും ഉയര്‍ന്നിരുന്നു.
കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ലോക്കല്‍ പോലീസിന് വീഴ്ച്ചകള്‍ സംഭവിച്ചതായി പോലീസ് സേനയില്‍ തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു. തെളിവുകള്‍ ശേഖരിക്കുന്നതിലും, സംശയിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി ചോദ്യം ചെയ്യുന്നതിലും വീഴ്ചയുണ്ടായി.
ഭര്‍ത്താവ് വിദേശത്ത് ആയതിനാല്‍ ചെന്നൈയില്‍ പഠിക്കുന്ന മകള്‍ക്കൊപ്പം ഒരുമാസത്തോളം താമസിച്ച് മടങ്ങിവന്നതിന്റെ അടുത്ത ദിവസമാണ് ജലജ കൊല്ലപ്പെട്ടത്. തലയ്ക്ക് പിന്നില്‍ അടിയേറ്റുണ്ടായ പരിക്കാണ് മരണകാരണം. ഇരുകൈകളിലും നിരവധിതവണ അടിയേറ്റ പാടുകളുണ്ടായിരുന്നു.
ജലജയുടെ താലിമാല ഉള്‍പ്പടെ ഏഴുപവന്റെ സ്വര്‍ണ്ണാഭരണങ്ങളും, 25000 രൂപയും കാണാതായിരുന്നു. ഇതേ തുടര്‍ന്ന് മോഷണത്തിന് വേണ്ടിയുള്ള കൊലപാതകമാണെന്ന് പോലീസ് ആദ്യ ദിവസംതന്നെ വിധിയെഴുതി. എന്നാല്‍ വീടുമായി ബന്ധമുള്ളവരാകാം പ്രതിയെന്ന് പിന്നീട് പോലീസ് പറഞ്ഞു.
വീട്ടില്‍ നിന്നും ഒരുവിരലടയാളം മാത്രമാണ് പോലീസിന് ലഭിച്ച ഏകതുമ്പ്. പ്രദേശത്തെ നിരവധി പേരുടെ വിരലടയാളം ശേഖരിച്ചിട്ടും ഇതിന് സമാനമായത് കണ്ടെത്താനായില്ല. ലോക്കല്‍ പോലീസ് ശരിയായ ദിശയില്‍ അന്വേഷണം നടത്തിവരുന്ന ഘട്ടത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തൃപ്തികരമല്ലാത്ത സന്ദര്‍ഭത്തിലാണ് അന്വേഷണം സിബിഐയ്ക്ക് വിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: