ആലപ്പുഴ: അഴിമതിയിലും വര്‍ഗ്ഗീയപ്രീണനത്തിലും മുങ്ങിത്താഴ്ന്ന യുഡിഎഫ് സര്‍ക്കാരിന്റെ മുഖം മിനുക്കാന്‍ ലക്ഷങ്ങള്‍ പൊടിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ‘പത്രസമ്മേളനം’. ഒപ്പം എന്ന പേരില്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ മാദ്ധ്യമപ്രവര്‍ത്തകരെ കയ്യിലെടുക്കാന്‍ ചെന്നിത്തല സമ്മേളനം വിളിച്ചുകൂട്ടിയത്. പ്രാദേശിക ലേഖകര്‍ മുതല്‍ ജില്ലയിലെ മുഴുവന്‍ മാദ്ധ്യമപ്രവര്‍ത്തകരെയും പിആര്‍ഡിയുടെ നേതൃത്വത്തില്‍ സ്വന്തം മണ്ഡലത്തിലെത്തിച്ചാണ് മന്ത്രി മുഖം മിനുക്കാന്‍ വിഫലശ്രമം നടത്തിയത്.
ആഭ്യന്തരവകുപ്പിന്റെ നേട്ടങ്ങള്‍ പറയാന്‍ ശ്രമിച്ച മന്ത്രി പലപ്പോഴും പത്രപ്രവര്ത്തകരുന്നയിച്ച ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറി. പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലടിക്കുകയും വിജിലന്‍സിനെതിരെ കോടതികള്‍ പോലും വിമരശനം ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തില്‍ തന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന് സ്വയം പുകഴ്ത്തിയ മന്ത്രി അപഹാസ്യനായി. സ്വന്തം മണ്ഡലത്തില്‍ ജലജയെന്ന വീട്ടമ്മ കഴിഞ്ഞ ഓഗസ്റ്റ് 14നാണ് കൊല്ലപ്പെട്ടത്. ആറുമാസം പിന്നിട്ടിട്ടും കേസില്‍ തുമ്പുണ്ടാക്കാന്‍ കഴിയാതെ അന്വേഷണം നിലച്ചു. ആഭ്യന്തരമന്ത്രിയുടെ ഓഫീസ് പോലും പ്രതിക്കൂട്ടിലായ പോലീസ് നിയമനത്തട്ടിപ്പുകേസിന്റെയും അന്വേഷണം എങ്ങുമെത്താതെ അവസാനിച്ചു. ഇതിനിടെയാണ് ഭരണനേട്ടങ്ങള്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ നിരത്താന്‍ ശ്രമിച്ച് മന്ത്രി പരിഹാസ്യനായത്.
യുഡിഎഫ് സര്‍ക്കാര്‍ ജില്ലയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ നിരത്താന്‍ മന്ത്രി ശ്രമിച്ചതും പരാജയപ്പെട്ടു. കുട്ടനാട് പാക്കേജു പോലും അഴിമതി പാക്കേജാക്കി മാറ്റുകയും അനുവദിച്ച പണത്തിന്റെ അഞ്ചിലൊന്നുപോലും ചെലവഴിക്കാന്‍ സാധിക്കാതിരുന്ന സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന മന്ത്രി ഇനി ആലപ്പുഴ പാക്കേജിനായി ശ്രമിക്കുമെന്നു പറഞ്ഞത് മറ്റൊരു തമാശയായി. ഹരിപ്പാട് മണ്ഡലത്തില്‍ താന്‍ വാരിക്കോരി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും മന്ത്രി അവകാശപ്പെട്ടു. മാദ്ധ്യമപ്രവര്‍ത്തകരെ കയ്യിലെടുക്കാന്‍ ഇന്നലെ നടത്തിയ സമ്മേളനത്തിനായി ലക്ഷങ്ങളാണ് ചെലവഴിച്ചത്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും മാദ്ധ്യമപ്രവര്‍ത്തകരെ എത്തിക്കുന്നതിനു മാത്രം നല്ലൊരു തുകയാണ് ചെലവായത്. കൂ ടാതെ ഭക്ഷണമിനത്തിലും വന്‍തുക ചെലവിട്ടു. സര് ക്കാരിന്റെ വികസന നേട്ടങ്ങള്‍ പ്രതിപാദിക്കുന്ന ബുക്ക്ലെറ്റുകള്, ലഘുലേഖകള്‍ എന്നിവയും മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു നല്കി. എല്ലാ ജില്ലകളിലും ഇത്തരത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ മാദ്ധ്യമപ്രവര്‍ത്തകരെ സ്വാധീനിക്കാനും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സര്‍ക്കാരിന്റെ മുഖം മിനുക്കാനും സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കുന്നുണ്ട്.
ജനം നല്കുന്ന നികുതിപ്പണം സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ ധൂര്‍ത്തടിക്കുന്നതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: