കണ്ണൂര്‍: ഫെബ്രു.23 ന് പകല്‍ 2 മണിക്ക് കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ നടക്കുന്ന മെഗാ പട്ടയമേളയില്‍ 6000 ത്തോളം പട്ടയങ്ങള്‍ നല്‍കുമെന്ന് ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ പിആര്‍ ചേമ്പറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ 7307 പേരാണ് രണ്ടാംഘട്ടത്തില്‍ അര്‍ഹരായവര്‍. ഇതില്‍ 5130 പേര്‍ക്ക് പട്ടയം നല്‍കും. കല്യാട് വില്ലേജിലെ ഭൂമി സംബന്ധമായ കാര്യങ്ങളില്‍ തീരുമാനമാകുന്നതോടെ അര്‍ഹരായ ഗുണഭോക്താക്കളില്‍ ബാക്കിയുളളവര്‍ക്കുകൂടി ഭൂമി വിതരണം ചെയ്യാന്‍ കഴിയും. 35 വര്‍ഷത്തിലേറെയായി തീരുമാനമാകാതെ കിടക്കുന്ന വടക്കേക്കളത്തെ 100 ലേറെ പട്ടയങ്ങളും ആറളത്തെ 31 കുടുംബങ്ങള്‍ക്കുളള പട്ടയങ്ങളും ചീങ്കണ്ണി പുഴയോരത്ത് നിന്ന് ഒഴിവാക്കപ്പെട്ടിട്ടുളള 6 കുടുംബങ്ങള്‍ക്കുളള പട്ടയങ്ങളും ഇതിനു പുറമെ നല്‍കും.
പട്ടയമേളയുടെ ഉദ്ഘാടനവും പട്ടയ വിതരണവും മന്ത്രി അടൂര്‍പ്രകാശ് നിര്‍വഹിക്കും. എ പി അബ്ദുളളക്കുട്ടി എംഎല്‍എ അധ്യക്ഷത വഹിക്കും. 75 വില്ലേജുകളിലെ ഓണ്‍ലൈന്‍ പോക്കുവരവ് ഉദ്ഘാടനം മന്ത്രി കെ.സി.ജോസഫ് നിര്‍വ്വഹിക്കും. വടക്കേക്കളം പട്ടയ വിതരണ ഉദ്ഘാടനം മന്ത്രി കെ.പി.മോഹനന് നിര്‍വഹിക്കും. മേയര്‍ ഇ.പി.ലത മുഖ്യപ്രഭാഷണം നടത്തും. പി.കെ.ശ്രീമതി ടീച്ചര്‍ എംപി മുഖ്യാതിഥിയാകും. ജില്ലയിലെ എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും. ആറളം വില്ലേജിലെ ആദിവാസി വിഭാഗത്തില്‍പെട്ട 141 കുടുംബങ്ങള്‍ക്ക് കൈവശ രേഖ നല്കുന്ന ചടങ്ങും നടക്കും. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍, സബ് കലക്ടര്‍ നവജോത് ഖോസ, എഡിഎം ഒ.മുഹമ്മദ് അസ്ലം, ഡെപ്യൂട്ടി കലക്ടര്‍ വി.പി.മുരളീധരന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: