ആലപ്പുഴ: രാജ്യത്ത് മരുന്നുവില ഉയരുമെന്ന പ്രചാരണം തെറ്റാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജഗത് പ്രകാശ് നദ്ദ. ആലപ്പുഴ വണ്ടാനം ടിഡി മെഡിക്കല്‍ കോളേജില്‍ 150 കോടി രൂപയുടെ സൂപ്പര്‍ സ്പെഷ്യലിറ്റി ബ്ലോക്കിന് തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറക്കുമതി ചുങ്കം കൂടിയതിനാല്‍ അവശ്യമരുന്നുകളുടെ വില കൂടുമെന്നത് തെറ്റായ പ്രചാരണമാണ്. 90 ശതമാനം വരെ വിലക്കുറവിലാണ് കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതി വഴി ജീവന് രക്ഷാ മരുന്നുകള്‍ നിലവില്‍ ലഭ്യമാക്കുന്നത്. രാജ്യത്തെ എല്ലാ ജില്ലകളിലും ഈ പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.
അതിനായി സംസ്ഥാനസര്‍ക്കാര്‍ സ്ഥലം നല്കിയാല് ബാക്കിയെല്ലാ ചെലവുകളും കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൃദ്രോഗം, അര്‍ബുദം എന്നിവയ്ക്കുളള മരുന്നുകള്‍, ഹൃദ്രോഗ ചികിത്സയുമായി ബന്ധപ്പെട്ട ആന്തരിക ഉപകരണങ്ങള്‍ എന്നിവയ്ക്ക് 60 മുതല്‍ 90 ശതമാനം വരെ വിലക്കുറവ് അമൃത് പദ്ധതിയിലൂടെ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന് എയിംസ് അനുവദിക്കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ സീറ്റുകളുടെ കാര്യത്തില്‍ കുറവുണ്ടാകില്ലെന്നും ഇക്കാര്യത്തില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിലപാടുകള്‍ പ്രായോഗികമാണെന്ന് ഉറപ്പുവരുത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ശിശുമരണനിരക്ക് 1990 ല്‍ രാജ്യത്ത് 80 ആയിരുന്നത് 2013 ല്‍ 40 ആയി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: