മുംബൈ: അവശ്യമരുന്നുകളടക്കമുള്ളവയുടെ വില ഏപ്രില്‍ മുതല്‍ മൂന്നു ശതമാനം കുറയും. വേദനസംഹാരികള്‍, ആന്റി ഇന്‍ഫെക്റ്റീവ്, ആന്റി ഡയബറ്റിക്, കാര്‍ഡിയാക്, ആന്റിബയോട്ടിക് മരുന്നുകളും വില കുറയുന്നവയുടെ പട്ടികയില്‍പ്പെടും.
2013ലെ ദേശീയ മരുന്നുവില നിയന്ത്രണ നിയമപ്രകാരം വാര്‍ഷിക വിറ്റുവരവ് കണക്ക് അടിസ്ഥാനപ്പെടുത്തി സര്‍ക്കാര്‍ അനുമതിയില്ലാതെ വിലകളില്‍ മാറ്റം വരുത്താം. ഡ്രഗ് പ്രൈസ് കണ്ട്രോള് ഓര്‍ഡറാണ് (ഡിപിസിഒ) വില നിശ്ചയിക്കുന്നത്. ഈ നിയമം നിലവില്‍ വന്ന ശേഷം ആദ്യമായാണ് കമ്പനികള്‍ മരുന്നുവില കുറയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നാലു ശതമാനം വില വര്‍ധിപ്പിച്ച സ്ഥാനത്താണ് ഇത്തവണത്തെ നടപടി.
ജനുവരി-ഡിസംബര്‍ മാസത്തില്‍ മൊത്തം വാര്‍ഷിക വില സൂചിക മൈനസ് 2.75 ശതമാനമായതോടെയാണ് വില കുറയ്ക്കേണ്ടി വരുന്നത്. 750 മരുന്നുകളാണ് നയം രൂപീകരിച്ചപ്പോള്‍ മുതല്‍ പട്ടികയിലുള്ളത്. കഴിഞ്ഞ വര്‍ഷം 35 എണ്ണം കൂടി ഉള്‍പ്പെടുത്തി. വില കുറയ്ക്കുന്നതിനുള്ള തീരുമാനത്തെ മരുന്നു കമ്പനികളില്‍ ചെറിയ വിഭാഗം എതിര്‍ത്തു. എന്നാല്‍, രോഗികള്‍ക്ക് ആശ്വാസമാകുന്നതാണ് നടപടിയെന്നും, അതിനെ പിന്തുണയ്ക്കുമെന്നും ഇന്ത്യന്‍ ഡ്രഗ് മാനുഫാക്ചറേഴ്സ് അസോസിയേഷന് സെക്രട്ടറി ജനറല്‍ ദാര പട്ടേല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: