കൊച്ചി: ഗ്രാമീണഭാരതത്തിന് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കാനും പ്ലാസ്റ്റിക് മാലിന്യം നിവാരണം ചെയ്യാനും നാനോ സാങ്കേതികവിദ്യ കൈത്താങ്ങാകുമെന്ന് പ്രസിദ്ധ നാനോശാസ്ത്രജ്ഞനും അമേരിക്കയിലെ റൈസ് സര്‍വ്വകലാശാലാ മെറ്റീരിയല്‍സ് സയന്‍സ് നാനോവകുപ്പ് സ്ഥാപകമേധാവിയുമായ ഡോ. പുളിക്കല്‍ അജയന് പറഞ്ഞു. നാനോവിദ്യകൊണ്ടുള്ള ഫില്‍ട്ടറുകള്‍ സൂക്ഷ്മാണുക്കളെ മാത്രമല്ല രാസവിഷകണികകളെയും അരിച്ചുമാറ്റും. പ്ലാസ്റ്റിക്മാലിന്യം അപ്പാടെ വിഘടനംചെയ്ത് ധൂളികളാക്കി മാറ്റാനുമാവും- ഡോ. അജയന് പറഞ്ഞു.
നാനോവിദ്യ ആരെയും സഹായിക്കുന്ന എനേബിളിങ്ങ് ടെക്നോളജി ആയതിനാല്‍ സംഭരണ ബാറ്ററികളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും സൗരസെല്ലുകള്‍ കുറ്റമറ്റതാക്കാനും ഇലക്ട്രോണിക് ഉപകരണങ്ങളെ കുഞ്ഞന്മാരാക്കി മാറ്റാനും കഴിയും. നാനോഗവേഷണത്തിനും വികസനത്തിലും പരമാവധി മുതല്‍മുടക്കാനുള്ള ഈ അവസരം നമ്മുടെ രാജ്യം സമര്‍ത്ഥമായി ഉപയോഗിക്കണമെന്ന് ഡോ. അജയന് നിര്‍ദേശിച്ചു. കൊച്ചി സര്‍വ്വകലാശാലയിലെ ഫിസിക്സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കൊച്ചിന് നാനോ അന്തര്‍ദേശീയസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുസാറ്റ് വൈസ്ചാന്‍സലര്‍ ഡോ. ജെ. ലതയുടെഅദ്ധ്യക്ഷതയില് ചേര്‍ന്ന യോഗത്തില്‍ പ്രൊ-വൈസ്ചാന്‍സലര്‍ ഡോ.പൗലോസ് ജേക്കബ് സെമിനാര്‍ പ്രബന്ധസമാഹാരം പ്രകാശനം ചെയ്തു. നാനോഓര്ഗനൈസിങ് സെക്രട്ടറി ഡോ. എം.ആര് അനന്തരാമന്, എന്‍പിഒഎല്‍ ഡയറക്ടര്‍ എസ്. കേദാരനാഥ് ഷേണായ്, ജര്‍മ്മനിയിലെ കോണ്സ്റ്റാന്ഡ് സര്‍വ്വകലാശാലയിലെ ഡോ. ഗുന്തര്ഷാട്സ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. കെ.എ. സക്കറിയ, ഡോ.വി.എസ്. സെബാസ്റ്റിയന്, രജിസ്ട്രാര്‍ ഡോ.എസ്. ഡേവിഡ് പീറ്റര്‍, ഡോ. എം. ജുനൈദ് ബുഷിരി എന്നിവര്‍ പ്രസംഗിച്ചു.
നാലുദിവസം നീണ്ടുനില്‍ക്കുന്ന കൊച്ചിന് നാനോയില്‍ 35 രാജ്യങ്ങളില്‍ നിന്നായിപ്രതിനിധികള് പങ്കെടുക്കും. മുന്നൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: