ന്യൂദല്‍ഹി: ഹരിയാനയിലെ ജാട്ട് വിഭാഗം സംവരണം ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭം അക്രമാസക്തമായതോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടികളിലേക്ക് കടക്കുന്നു. അക്രമികളെ കണ്ടാലുടന്‍ വെടിവെയ്‌ക്കാന്‍ നിര്‍ദ്ദേശം നല്‍കിയ സര്‍ക്കാര്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നതതല യോഗവും ചേര്‍ന്നു. സംവരണം വേണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടും ജാട്ടുകള്‍ അക്രമങ്ങള്‍ നടത്തിയതോടെയാണ് കര്‍ശന നടപടികളിലേക്ക് കടക്കാന്‍ തീരുമാനമുണ്ടായത്. ജാട്ട് നേതാക്കള്‍ സമാധാനപരമായി കാര്യങ്ങള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ടായിരത്തോളം സൈനികരെ ഹരിയാനയിലെ പ്രശ്‌നബാധിത ജില്ലകളായ ഹിസാര്‍, ഹന്‍സി എന്നിവിടങ്ങളില്‍ ഇതിനകം തന്നെ വിന്യസിച്ചിട്ടുണ്ട്. അക്രമികളെ കണ്ടാലുടന്‍ വെടിവെയ്‌ക്കാനും ഉത്തരവിട്ടിട്ടുണ്ട്. ജജ്ജാറില്‍ അക്രം നടത്തിയ സംഘങ്ങള്‍ക്ക് നേരേ സൈന്യം നടത്തിയ വെടിവെയ്‌പ്പില്‍ 7പേരും കൈതലില്‍ ഒരാളും കൊല്ലപ്പെട്ടു. അക്രമസംഭവങ്ങളുടെ പേരില്‍
ഇതിനകം 129 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഹരിയാന ഡിജിപി വൈ.പി സിംഘാള്‍ പറഞ്ഞു.
ഒന്‍പത് ജില്ലകളിലാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. 33 കോളം സൈന്യത്തെയാണ് വിവിധ ജില്ലകളിലായി നിയോഗിച്ചത്. റോഡുകള്‍ പ്രക്ഷോഭകാരികള്‍ തടസ്സപ്പെടുത്തിയതിനാല്‍ ഹെലികോപ്റ്ററുകളിലാണ് സൈന്യത്തെ വിന്യസിച്ചത്.
ഹരിയാനയിലെ ബുദ്ധഖേദ റെയില്‍വേ സ്റ്റേഷന് തീവെച്ച അക്രമികള്‍ സംസ്ഥാനത്തെ റെയില്‍ ഗതാഗത മേഖല താറുമാറാക്കി. ഇതിനകം ഏകദേശം 600ഓളം ട്രെയിനുകളാണ് സര്‍വ്വീസ് മുടങ്ങിയിരിക്കുന്നത്. ദല്‍ഹി-ജയ്‌പ്പൂര്‍ റെയില്‍പാത ജാട്ടുകള്‍ തടഞ്ഞതാണ് റെയില്‍ ഗതാഗതത്തെ ബാധിച്ചത്.
സംസ്ഥാന കൃഷിമന്ത്രി ഒ.പി ധന്‍കറിന്റെയും ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യുവിന്റെയും വീടുകള്‍ക്കു നേരേ അക്രമമുണ്ടായിട്ടുണ്ട്. ഹരിയാന ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകള്‍ക്ക് നേരെയും അക്രമമുണ്ടായി. റോത്തക്കില്‍ പെട്രോള്‍ പമ്പുകളും മൂന്നു സ്‌കൂളുകളും അക്രമികള്‍ തീയിട്ടു നശിപ്പിച്ചു.
സര്‍ക്കാര്‍ സംവരണ ഓര്‍ഡിനന്‍സ് പുറത്തിറക്കാതെ സമരരംഗത്ത് നിന്നും പിന്നോട്ടില്ലെന്നാണ് ഓള്‍ ഇന്ത്യ ജാട്ട് ആരക്ഷന്‍ സംഘര്‍ഷ സമിതി ദേശീയ പ്രസിഡന്റ് യശ്പാല്‍ മാലിക്കിന്റെ നിലപാട്.
ജാട്ട് സംവരണ പ്രക്ഷോഭം ദല്‍ഹിയിലേക്കും വ്യാപിച്ചിട്ടുണ്ട്. ദല്‍ഹി സര്‍വ്വകലാശാലയിലും ദല്‍ഹി-സോനിപത് അതിര്‍ത്തിയില്‍ ദേശീയപാത ഒന്നിലും പ്രക്ഷോഭകാരികള്‍ പ്രതിഷേധ പരിപാടികള്‍ നടത്തി. ദേശീയ പാത 1 തടസ്സപ്പെടുത്തിയതോടെ ഹരിയാന, പഞ്ചാബ്, ഹിമാചല്‍, ജമ്മുകാശ്മീര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ചരക്കുനീക്കമുള്‍പ്പെടെ നിലച്ചു.
സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി രാജ്‌നാഥ്‌സിങിന്റെയും പ്രതിരോധമന്ത്രി മനോഹര്‍ പരീഖറിന്റെയും നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കരസേനാ മേധാവി ജനറല്‍ സുഹാഗ്, ക്യാബിനറ്റ് സെക്രട്ടറി പി.കെ സിന്‍ഹ എന്നിവര്‍ പങ്കെടുത്തു.
















