ന്യൂദല്‍ഹി: രാജ്യവിരുദ്ധ പ്രചാരണങ്ങള്‍ക്കെതിരെ വിമുക്ത ഭടന്മാര് തെരുവിലിറങ്ങുന്നു. രാഷ്ട്രപിതാവിന്റെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ നിന്നും രാജ്പഥിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. രാജ്യത്തെ സര്‍വ്വകലാശാലകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനെ പോലും ചോദ്യം ചെയ്യപ്പെടുന്നതിനെതിരെയാണ് വിമുക്ത ഭടന്മാരുടെ പ്രതിഷേധം.
ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ ഉയര്‍ന്ന രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ക്കെതിരെയാണ് യൗവനം മുഴുവന്‍ രാജ്യസേവനത്തിന് ഉഴിഞ്ഞുവെച്ച വിമുക്ത ഭടന്മാര് തെരുവിലിറങ്ങുന്നതെന്ന് പീപ്പിള്‍ ഫോര്‍ നേഷന്‍ കണ്‍വീനര്‍ മേജര്‍ ജനറല്‍ കതോച്ച് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഭാരതം എന്നത് ഏക രാഷ്ട്രമാണ്. 1949 നവംബര്‍ 6ന് ചേര്‍ന്ന കോണ്‍സ്റ്റിറ്റിയുന്റ് അസംബ്ലി ഭാരതത്തിന്റെ ഭരണഘടന അംഗീകരിക്കുകയും ആമുഖത്തില്‍ രാഷ്ട്രത്തിന്റെ ഐക്യത്തെപ്പറ്റി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളും രാജ്യത്തെ തുണ്ടം തുണ്ടമാക്കുമെന്ന പ്രചാരണങ്ങളുമാണ് ജെഎന്‍യുവില്‍ നിന്നുയര്‍ന്നത്.
ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ഇതേ സമാന മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കശ്മീരില്‍ ചില സംഘങ്ങള്‍ ജെഎന്‍യുവിന് നന്ദി പ്രകടിപ്പിച്ച് പ്രകടനം നടത്തുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് വിദേശ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ രാജ്യത്തെ ചെറുരാജ്യങ്ങളായി വിഭജിക്കാനായി ശ്രമിക്കുന്നുവെന്നാണ്. ഇത്തരക്കാരെ പിടികൂടി രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം, മേജര്‍ ജനറല്‍ ആവശ്യപ്പെട്ടു.
ഭരണഘടന നല്കുന്ന അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തെ എല്ലാവരും മാനിക്കുന്നു. എന്നാല്‍ രാജ്യത്തെ വിഘടിപ്പിക്കാനുള്ള ആശയ പ്രചാരണവേദിക്കായി ഈ സ്വാതന്ത്ര്യത്തെ ഉപയോഗിക്കരുത്. ഇത്തരക്കാര്‍ക്കെതിരെ ജനങ്ങളെ അണിനിരത്തുന്നതിനായിട്ടാണ് രാജ്ഘട്ടില്‍ നിന്നും പാര്‍ലമെന്റിന് മുന്നിലേക്ക് പ്രകടനം നടത്തുന്നതെന്നും ദല്‍ഹിയിലെ എല്ലാ ജനങ്ങളോടും ഇതില്‍ പങ്കാളികളാകണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും, മേജര്‍ ജനറല്‍ കതോച്ച് പറഞ്ഞു.
എയര്‍ മാര്‍ഷല്‍ പി.കെ റോയ്, മേജര്‍ ജനറല്‍ ബക്ഷി, മേജര്‍ ജനറല്‍ രാജ് മല്‍ഹോത്ര, അഡ്മിറല്‍ ശേഖര്‍ സിന്‍ഹ, ലഫ്. ജനറല്‍ രവി സാഹ്നി, ലഫ് ജനറല്‍ സിന്‍ഹ, ലഫ്.ജനറല്‍ സന്ദീപ് സിങ്, മേജര്‍ ജനറല്‍ ചക്രവര്‍ത്തി തുടങ്ങി വിരമിച്ച ഉന്നത സൈനികോദ്യോഗസ്ഥര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: