ന്യൂദല്‍ഹി: 251 രൂപയുടെ സ്‌മാര്‍ട്ട് ഫോണിന് രണ്ടു ദിവസം കൊണ്ട് കമ്പനിക്ക് ലഭിച്ചത് 25 ലക്ഷം ഓര്‍ഡര്‍. 73 കോടി രൂപ ബുക്കിങ് ഇനത്തില്‍ കമ്പനിക്കു ലഭിച്ചതായി റിങ്ങിങ് ബെല്‍സ് ഡയറക്ടര്‍ മോഹിത് ഗോയല്‍ പറഞ്ഞു. പണം 48 മണിക്കൂറിനുള്ളില്‍ സ്വീകരിക്കാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇതിനായി രജിസ്റ്റര്‍ ചെയ്തവരുടെ ഇ മെയില്‍ വിലാസത്തിലേക്ക്, പണം അടയ്‌ക്കുന്നതിനുള്ള ലിങ്ക് അയച്ചു നല്‍കും.
കമ്പനിയുടെ വിശദമായ ബിസിനസ് പദ്ധതി രണ്ടു ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ഗോയല്‍ പറഞ്ഞു. ഫോണുകളുടെ പണം തന്റെ അക്കൗണ്ടിലേക്കല്ല സ്വീകരിക്കുന്നത് എന്നു പറഞ്ഞ ഗോയല്‍, വിശദ രൂപരേഖ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കി. 72.5 കോടിയുടെ ബുക്കിംഗാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.
വെള്ളിയാഴ്ച തന്നെ തങ്ങളുടെ 25 ലക്ഷം ഉപഭോക്താക്കളെന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിച്ചതായി മോഹിത് പറഞ്ഞു. ബുക്കിംഗ് അവസാനിപ്പിച്ചപ്പോള്‍ ഇരുന്നൂറോളം പേര്‍ ഓഫീസിന് പുറത്ത് തടിച്ചു കൂടിയിരുന്നു. ഫോണ്‍ വാങ്ങാന്‍ മറ്റു വഴികള്‍ ഉണ്ടോയെന്നായിരുന്നു അവര്‍ക്ക് അറിയേണ്ടിയിരുന്നതെന്നും മോഹിത് വെളിപ്പെടുത്തി.
ആദ്യം ദിവസം ഉപഭോക്താക്കള്‍ ഇടിച്ചു കയറിയതോടെ കമ്പനിയുടെ വെബ്‌സൈറ്റ് തകര്‍ന്നു. തുടുര്‍ന്ന് ഒരു ദിവസം കഴിഞ്ഞാണ് സെര്‍വര്‍ ശരിയാക്കി രജിസ്‌ട്രേഷന്‍ പുനരാരംഭിച്ചത്. എന്നാലും പലര്‍ക്കും സൈറ്റില്‍ പ്രവേശിക്കാനായിരുന്നില്ല.
അതിനിടെ, മറ്റു സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണ കമ്പനികളില്‍ നിന്നുയര്‍ന്ന പരാതികളെ തുടര്‍ന്ന് റിംഗിംഗ് ബെല്‍സിന്റെ പ്രവര്‍ത്തനം കേന്ദ്രം നിരീക്ഷിച്ചു വരികയാണ്. ആദായ നികുതി വകുപ്പും പൊലീസും നോയിഡയിലുള്ള കമ്പനി ഓഫിസില്‍ പരിശോധന നടത്തി. എന്നാല്‍, ബുക്കിങ്ങിലൂടെ ലഭിച്ച പണം ഫോണ്‍ നിര്‍മിക്കുന്നതിന് ആവശ്യമില്ലെന്നും, ഏപ്രില്‍ അവസാനത്തോടെ ഫോണുകളുടെ ഷിപ്പിങ് ആരംഭിക്കാന്‍ കഴിയുമെന്നും മോഹിത് ഗോയല്‍ പറഞ്ഞു.
251 രൂപയ്‌ക്ക് എങ്ങനെ ഫോണ്‍ നിര്‍മിക്കാനാകുമെന്ന കാര്യത്തല്‍ കേന്ദ്ര സര്‍ക്കാറിനും സംശയങ്ങളുണ്ട്. ഇതു മുന്‍നിര്‍ത്തി ഫോണുകളുടെ ഡെലിവറി ആരംഭിക്കുംവരെ ആവശ്യമെങ്കില്‍ ഗോയലിന്റെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും തടഞ്ഞുവയ്‌ക്കുമെന്ന് ഡിഎസ്‌പി അനൂപ് സിങ് പറഞ്ഞു.
















