ചണ്ഡീഗഢ്: സംവരണമാവശ്യപ്പെട്ട് ഹരിയാനയില്‍ ജാട്ടുകള്‍ നടത്തിവരുന്ന സമരം അക്രമാസക്തമായി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഹെലികോപ്റ്റര്‍ മാര്‍ഗമാണ് സൈന്യം സമരകേന്ദ്രമായ റോത്തക്കിലെത്തിയത്.
അക്രമത്തില്‍ ഇതുവരെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. സമരക്കാരെ പിരിച്ചുവിടാനായി ബിഎസ്എഫും സമരക്കാരും തമ്മില്‍ നടത്തിയ വെടിവയ്‌പ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. ഹരിയാന ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യുവിന്റെ വീട് ആക്രമിക്കാനും തീയിടാനും സമരക്കാര്‍ ശ്രമിക്കുന്നതിനിടെയായിരുന്നു വെടിവയ്‌പ് ഉണ്ടായത്. ആക്രമണത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു പേര്‍ ആശുപത്രിയില്‍വച്ചും മരിച്ചു.
ഒമ്പത് ജില്ലകളില്‍ സൈന്യം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാനയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് യോഗം വിളിച്ചിരുന്നു. കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിശ്രി എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.
















