ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കഷ്ടകാലത്തിന് അറുതിയില്ല. ജയിച്ചും തോറ്റും മുന്നേറുന്ന ഓള്‍ഡ് ട്രാഫോഡിലെ ചെമ്പടയ്ക്ക് യുറോപ്പ ലീഗ് ഫുട്ബോളില്‍ തിരിച്ചടി. ഡെന്മാര്ക്കില്നിന്നുള്ള മിഡ്റ്റ്ജിലാന്ഡിനോട് ഒന്നിനെതിരെ രണ്ടു ഗോളിന് തോറ്റു യുണൈറ്റഡ്. ഇതോടെ, പ്രീ ക്വാര്‍ട്ടറിലെത്തണമെങ്കില്‍ 25ന് ഓള്‍ഡ് ട്രാഫോഡിലെ രണ്ടാം പാദം ജയിക്കണം. പ്രീ ക്വാര്‍ട്ടര്‍ സ്ഥാനത്തിനായുള്ള മറ്റു കളികളില്‍ നിലവിലെ ജേതാക്കള്‍ സെവിയ്യ, കരുത്തരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, വലന്‍സിയ, ബെയര്ലെവര്കൂസന് ടീമുകള്‍ ജയം നുണഞ്ഞപ്പോള്‍, ലിവര്‍പൂള്‍, ഷാല്‍ക്കെ, ഷാക്തര്‍, ടോട്ടനം, ഫിയോന്റീന ടീമുകള്‍ക്ക് സമനില. അതേസമയം, പോര്‍ട്ടോ, നെപ്പോളി, ബേസല്‍ ടീമുകള്‍ തോല്‍വി വഴങ്ങി.
എവേ മത്സരത്തില്‍ ഒരു ഗോള്‍ ലീഡ് നേടിയ ശേഷമാണ് യുണൈറ്റഡ് കീഴടങ്ങിയത്. 37ാം മിനിറ്റില്‍ മെംഫിസ് ഡീപേയിലൂടെ വാന്‍ ഗാലിന്റെ ശിഷ്യര്‍ മുന്നില്‍. എന്നാല്‍, ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെ പിയോണ്‍ സിസ്റ്റോ മിഡ്റ്റ്ജിലാന്ഡിന് സമനില സമ്മാനിച്ചു. 77ാം മിനിറ്റില്‍ പോള്‍ ഒനൗച്ചൗ വിജയഗോളും നല്കി. ടീം തോറ്റതിന്റെ നിരാശയില്‍ ആരാധകര്‍ പരിശീലകന് ലൂയി വാന്‍ഗാലിനെതിരെ തിരിഞ്ഞു. ജര്‍മന്‍ കരുത്തരായ ബൊറൂസിയ മുന്‍ ചാമ്പ്യനും മുന്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളുമായ പോര്‍ച്ചുഗല്‍ ടീം പോര്‍ട്ടോയെയാണ് കീഴടക്കിയത് (2-0). ലൂകാസ് പിസെക്കും മാര്‍ക്കോ റ്യൂസും സ്കോറര്‍മാര്‍.
സ്പാനിഷ് കരുത്തര്‍ വലന്‍സിയയ്ക്ക് തകര്‍പ്പന്‍ ജയം. മടക്കമില്ലാത്ത ആറു ഗോളിന് ഓസ്ട്രിയയില്‍നിന്നുള്ള റാപിഡ് വിയെന്നയെ തകര്‍ത്തു. സാന്റി മിനയുടെ ഇരട്ട ഗോളും, ഡാനി പരെജോ, നെഗ്രഡൊ, ആന്ദ്രെ ഗോമസ്, റോഡ്രിഗൊ എന്നിവരുടെ ഗോളുകളുമാണ് വലന്‍സിയയ്ക്ക് മിന്നും ജയമൊരുക്കിയത്.
നിലവിലെ ജേതാക്കള്‍ സെവിയ്യ മടക്കമില്ലാത്ത മൂന്നു ഗോളിന് നോര്‍വെയില്‍നിന്നുള്ള മോള്‍ഡെയെ കീഴടക്കി. ലോറെന്റെയുടെ ഇരട്ട ഗോളുകളാണ് ചാമ്പ്യന്മാര്ക്ക് മികച്ച ജയം സമ്മാനിച്ചത്. മൂന്നാം ഗോള്‍ കെവിന് ഗമെയ്റൊയുടെ ബൂട്ടില്‍നിന്ന്. കരിം ബെല്ലാര്ബിയുടെ ഗോളിലാണ് ലെവര്കൂസന് പോര്‍ച്ചുഗല്‍ ക്ലബ് സ്പോര്‍ട്ടിങ്ങിനെ തോല്‍പ്പിച്ചത്. എവേ മത്സരത്തില്‍ മുന്‍ യൂറോപ്യന്‍, യുറോപ്പ ചാമ്പ്യന്മാര് ലിവര്‍പൂള്‍ സമനിലയില്‍ കുരുങ്ങി.
ജര്‍മന്‍ ടീം അഗസ്ബര്ഗ് ലിവര്‍പൂളിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. ഇറ്റാലിയന്‍ കരുത്തര്‍ നെപ്പോളിയെ സ്പാനിഷ് ടീം വിയ്യ റയല്‍ കീഴടക്കി (1-0). സ്വന്തം മൈതാനത്ത് 82ാം മിനിറ്റില്‍ ഡെനിസ് സുവാരസ് സ്പാനിഷ് ടീമിനായി ലക്ഷ്യം കണ്ടു. ത്സരെ-ലാസിയോ (1-1), ഷാക്തര്‍-ഷാല്‍ക്കെ (0-0), ഫിയോന്റീന-ടോട്ടനം (1-1) മത്സരങ്ങള്‍ സമനിലയില്‍. ഫ്രഞ്ച് ടീം ഒളിംപിക് മാഴ്സലെ മടക്കമില്ലാത്ത ഒരു ഗോളിന് അത്ലറ്റിക് ക്ലബ്ബിനെ കീഴടക്കി. ആന്‍ഡെര്‍ലെറ്റ് ഇതേ സ്കോറിന് ഒളിംപ്യക്കോസ് പിറ്യൂസിനെ മറികടന്നപ്പോള്‍, സെന്റ് എറ്റെയ്ന് 3-2ന് ബേസലിനെ വീഴ്ത്തി. രണ്ടാംപാദ മത്സരങ്ങള്‍ 24, 25, 26 തീയതികളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: