കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്സിറ്റി നടത്തിയ വിദൂര വിദ്യാഭ്യാസ വിദ്യാര്‍ത്ഥി കലോത്സവവും കായിക മേളയും യൂണിവേഴ്സ്റ്റി സ്റ്റാറ്റിയൂട്ടിനും ആക്ടിനും എതിരാണെന്ന് സ്വാശ്രയ കോളേജ് മാനേജ്മെന്റ് അസോസിയേഷന് ആരോപിച്ചു.
കഴിഞ്ഞ വര്‍ഷം വിദൂര വിദ്യാര്‍ത്ഥികളുടെ കലോത്സവം പാരലല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷനുമായി യൂണിവേഴ്സിറ്റി യോജിച്ച് നടത്തിയപ്പോള്‍ തന്നെ ഗവര്‍ണ്ണര്‍ക്കും, മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ ചര്‍ച്ചയില്‍ വിദൂര വിദ്യാര്‍ത്ഥികളുടെ കലോത്സവം യൂണിവേഴ്സിറ്റി നേരിട്ട് നടത്തില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷവും സിന്ഡിക്കേറ്റ്പോലുമറിയാതെ പാരലല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷനുമായി സഹകരിച്ച് കലോത്സവം സംഘടിപ്പിച്ചിരിക്കുകയാണ്. റഗുലര്‍ വിദ്യാര്‍ത്ഥികളുടെ കലോത്സവം പോലും യൂണിവേഴ്സിറ്റി യൂണിയനാണ് നടത്തുന്നത് എന്നിരിക്കേ പാരലല്‍ കോളേജ് കലോത്സവം മാത്രം യൂണിവേഴ്സിറ്റി നേരിട്ട് നടത്തുന്നതില്‍ ദുരൂഹതയുണ്ട്.
മുന്‍കാലങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനകളാണ് പാരലല്‍ കോളേജ് കലോത്സവം സംഘടിപ്പിച്ചിരുന്നത്. പാരലല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷനുമായി യൂണിവേഴ്സിറ്റിക്ക് യാതൊരു ബന്ധവുമില്ലെന്നിരിക്കെ വിദൂര വിദ്യാര്‍ത്ഥി കലോത്സവം യൂണിവേഴ്സിറ്റിയും പാരലല്‍ കോളേജ് മാനേജുമെന്റ് അസോസിയേഷനുമായി സഹകരിച്ച് നടത്തുന്നത് അപലപനീയമാണെന്നും തുടര്‍ന്നും നടത്തുകയാണെങ്കില്‍ നടപടി സ്വീകരിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി. മാനേജ്മെന്റ് അസോസിയേഷന് പ്രസിഡണ്ട് എം.പി.എ.റഹീം അധ്യക്ഷത വഹിച്ചു. വി.വി.ഗോവിന്ദന്, സജീവന് വേങ്ങാട്, സി.എം.മാത്യു, എ.നസീര്‍, അനില്‍കുമാര്‍, സി.കെ.ശിവകുമാര്‍ പായം വിജയന് ഇ.എം.മാത്യു, ടി.സി.മുഹമ്മദ്, വി.എം.ദാമോദരന്‍, പ്രൊഫ.സി.പി.ശ്രീനാഥ്, കെ.ഒ.തോമസ്, എ.ഡി.ബെന്നി, കെ.ഷീന, പി.സി.ജലീല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: