കോഴിക്കോട്: നാഗ്ജി ടൂര്‍ണമെന്റിന്റെ ഒന്നാം സെമിയില്‍ ഷംറോക്ക് എഫ്‌സിയെ വീഴ്‌ത്തി അത്‌ലറ്റികോ പരാനെസ് ഫൈനലില്‍. ഇന്നലെ നടന്ന വാശിയേറിയ മത്സരത്തില്‍ ഐറിഷ് ക്ലബായ ഷംറോക്ക് എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീലിയന്‍ ക്ലബായ അത്‌ലറ്റികോ പരാനെസ് പരാജയപ്പെടുത്തിയത്. 60-ാം മിനിറ്റില്‍ യാഗോ സീസര്‍ ഡാ സില്‍വയാണ് ബ്രസീലിനുവേണ്ടി വിജയഗോള്‍ നേടിയത്. ചടുലമായ നീക്കങ്ങളുമായി ഇരുടീമുകളും കളംവാണ മത്സരത്തില്‍ നാലു ഷോട്ടുകളാണ് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചത്. ഷാംറോക്കിന്റെ മൂന്ന് ഷോട്ടും പരാനെസിന്റെ ഒരു ഷോട്ടുമാണ് നിര്‍ഭാഗ്യം കൊണ്ട് ഗോളാവാതിരുന്നത്.
അടിക്കടിയുള്ള മുന്നേറ്റങ്ങള്‍ കൊണ്ട് ഇരുവിഭാഗവും ഗോള്‍ മുഖത്തെത്തിയെങ്കിലും ആദ്യ പകുതിയില്‍ ഗോള്‍ നേടാനായില്ല. കളിയുടെ ആദ്യ നിമിഷങ്ങളില്‍ പരാനെസ് താരങ്ങളാണ് മുന്നേറ്റം നടത്തിയതെങ്കില്‍ പകുതിയാകുമ്പോഴേയ്‌ക്കും പന്ത് ഷംറോക്ക് താരങ്ങളുടെ കാലുകളിലായി. ആദ്യ പകുതി സമാപിക്കുമ്പോഴേയ്‌ക്കും പന്ത് ബ്രസീലിയന്‍ താരങ്ങള്‍ കാലിലൊതുക്കി. രണ്ടാം പകുതിയില്‍ 60-ാം മിനിറ്റില്‍ വലതു വിങ്ങില്‍ നിന്ന് പന്ത് കണക്ട് ചെയ്ത ബ്രസീലിന്റെ വിക്ടര്‍ ഫ്രെയിറ്റാസ്, ഫെര്‍ണാഡോ സില്‍വയ്‌ക്ക് മറിച്ചു നല്‍കി. അതിവേഗതയില്‍ മുന്നോട്ടാഞ്ഞ ഫെര്‍ണാഡോയില്‍ നിന്ന് പന്ത് വാങ്ങിയ യാഗോ സില്‍വ ഷാംറോക്ക് പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്‌ത്തി. പന്തുമായി മുന്നോട്ടു പോകുന്നതിനു പകരം ഇടത്തോട്ട് നീങ്ങിയ യോഗോ സില്‍വ തൊടുത്ത സൂപ്പര്‍ ഷോട്ട് ഷാംറോക്ക് വലതുളച്ചുകയറുകയായിരുന്നു. ചുറ്റും കൂടിയ നാല് ഷാംറോക്ക് താരങ്ങളെ കാഴ്ചക്കാരാക്കിയായിരുന്നു യാഗോയുടെ തകര്‍പ്പന്‍ ഷോട്ട്. ഗോള്‍ വീണതോടെ ഗാലറിയില്‍ അക്ഷമരായിരുന്ന ബ്രസീലിയന്‍ ആരാധകര്‍ ആര്‍പ്പുവിളികള്‍ മുഴക്കി.
വേഗമേറിയ നീക്കങ്ങളാണ് രണ്ടാം പകുതിയില്‍ കണ്ടത്. മികച്ച പന്തടക്കവുമായി പരാനസ് താരങ്ങള്‍ നിരന്തരം ഷാംറോക്ക് ഗോള്‍ മുഖത്തെത്തി. 48, 55 മിനിറ്റുകളില്‍ പരാനെസിന്റെ മുന്നേറ്റം ഗോള്‍ പ്രതീതി സൃഷ്ടിച്ചു. ഇതിനിടെ 51-ാം മിനിറ്റില്‍ ഷാംറോക്ക് താരം ഡീന്‍ ക്ലാര്‍ക്കിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. കളി തീരാന്‍ നാല് മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ഷാംറോക്കിന് വീണ്ടും നിരാശരാകേണ്ടി വന്നു. ബ്രണ്ടന്‍ മീലിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തേക്ക്. അവസാന നിമിഷങ്ങളില്‍ കണ്ണഞ്ചിപ്പിക്കുന്ന മുന്നേറ്റങ്ങളുമായി ഷാംറോക്ക് താരങ്ങള്‍ പരാനെസ് ഗോള്‍ മുഖത്ത് നങ്കൂരമിട്ടു. പക്ഷേ ഭാഗ്യം തുണച്ചില്ല.
നാഗ്ജി ടൂര്‍ണമെന്റിലെ ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ ഇംഗ്ലീഷ് ക്ലബ്ബായ വാട്ട്‌ഫോഡ് എഫ്‌സി ഉക്രെയിന്‍ ക്ലബ്ബായ എഫ്‌സി നിപ്രോയെ നേരിടും. രാത്രി ഏഴിന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം.
















