ചെറുതോണി: ജീപ്പ് തടഞ്ഞ് പോലീസിനെ ആക്രമിച്ച് സിപിഎമ്മുകാര്‍ പ്രതികളെ മോചിപ്പിച്ചു. ഇന്നലെ വൈകിട്ട് 3.30 ന് ചെറുതോണിയിലെ പെട്രോള്‍ പമ്പിന് സമീപമാണ് സിപിഎം പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്. സംഭവത്തില്‍ 9 പേര്‍ക്കെതിരെ ഇടുക്കി പോലീസ് കേസെടുത്തു. സിപിഎം വനിതാ പഞ്ചായത്തംഗം പ്രഭാതങ്കച്ചന്‍, കെ.ജി സത്യന്, സി.ബി സതീഷ് തുടങ്ങിയവര്‍ക്കെതിരെയാണ് ഔദ്യോഗിക ക്രിത്യനിര്വഹണം തടസ്സപ്പെടുത്തിയതിനും പോലീസിനെ ആക്രമിച്ചതിനും കേസെടുത്തത്.
ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളും പൈനാവ് പോളിടെക്നിക്ക് കോളജിലെ വിദ്യാര്‍ത്ഥികളും തമ്മില്‍ എസ്എഫ്ഐയുടെ പഠിപ്പുമുടക്ക് സമരവുമായി ബന്ധപ്പെട്ട് സംഘര്‍ഷം നടന്നിരുന്നു. സംഘര്‍ഷത്തില്‍ പോളിടെക്നിക്കിലെ ടെലികമ്യൂണിക്കേഷന്‍ അവസാനവര്‍ഷ വിദ്യാര്‍ത്ഥി ജെറിന് ജോസഫിന് പരിക്കേറ്റിരുന്നു. പഠിപ്പുമുടക്ക് സമരത്തില്‍ പങ്കെടുക്കാന്‍ തയ്യാറാകാത്തതിനെതുടന്ന് എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികള്‍ പോളിടെക്നിക്കില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.
കണ്ടാലറിയാവുന്ന പതിനഞ്ച് വിദ്യാര്ത്ഥികളുടെപേരില് പോലീസ് കേസെടുത്തിരുന്നു. ഇതില്‍പെട്ട എസ്എഫ്ഐ നേതാക്കളായ വൈഷ്ണവ്, ബിനു എന്നിവിരെ ചെറുതോണിയില്‍നിന്നും പിടികൂടി ജീപ്പില്‍ സ്റ്റേഷനിലേക്ക് മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് സിപിഎമ്മുകാര്‍ വാഹനം തടഞ്ഞത്. തുടര്‍ന്ന് പോലീസുകാരെ കൈയ്യേറ്റംചെയ്ത് പ്രതികളെ മോചിപ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ ഇടുക്കി അഡീ.എസ്ഐ:കെ. പി ഗോപിനാഥന്, ജോണ്‍, സെബാസ്റ്റിയന്, അജിത്ത്, നജീബ്, ശ്രീജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തെതുടര്‍ന്ന് പ്രതികള്‍ ഒളിവില്‍പോയി. ഇവരെ പിടികൂടുവാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയതായി ഇടുക്കി എസ്ഐ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: