കക്കട്ടില്‍: സാധാരണക്കാരന്റെ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ചിത്രങ്ങള്‍ വരച്ചുകാട്ടി മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ എഴുത്തുകാരന് അക്ബര്‍ കക്കട്ടിലിന് നാടിന്റെ വിട. ഗ്രാമീണ സംസ്കാരത്തിന്റെ ഗതിവിഗതികള്‍ കഥകള്‍ക്ക് പ്രമേയമാക്കി മലയാള സാഹിത്യ ഭൂപടത്തില്‍ കക്കട്ടില്‍ എന്ന ഗ്രാമത്തെ അടയാളപ്പെടുത്തിയ അക്ബര്‍ കക്കട്ടിലിന് ഗ്രാമമൊന്നടങ്കം കണ്ണീരോടെ വിട ചൊല്ലി.
കോഴിക്കോട്ടെയും വടകരയിലെയും പൊതുദര്‍ശനങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ ഉറങ്ങുന്ന വട്ടോളി നാഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിലും സ്വന്തം നാടായ കക്കട്ടിലെ കമ്യൂണിറ്റി ഹാളിലും പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയത് നാടൊന്നാകെയായിരുന്നു. എം. മുകുന്ദന്, പെരുമ്പടവം ശ്രീധരന്, സി.വി. ബാലകൃഷ്ണന്, കല്‍പ്പറ്റ നാരായണന്, കെ.പി. രാമനുണ്ണി, ടി.പി. രാജീവന്, പി.കെ. പാറക്കടവ് തുടങ്ങിയ സാഹിത്യ സാംസ്കാരിക രാഷ്ട്രീ രംഗത്തെ പ്രമുഖര്‍ അന്ത്യാഞ്ചലിയര്പ്പിക്കാനെത്തി. കക്കട്ടില്‍ കൈവേലി റോഡിനു സമീപമുള്ള സി ത്താരയെന്ന വീട്ടില്‍ ഔദ്യോഗിക ബഹുമതിയുടെ ഭാഗമായി പോലീസ് സേന ആചാരവെടികളുതിര്ത്തു. തുടര്‍ന്ന് ചീക്കോന്ന് ജുമാ മസ്ജിദില്‍ ഖബറടക്കം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: