വാഷിംഗ്ടൺ: ഈ വർഷം നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിക്കുന്ന ഡൊണാൾഡ് ട്രംപ് വിജയിക്കില്ലെന്ന് ബരാക് ഒബാമ. മാധ്യമശ്രദ്ധ പിടിച്ചുപറ്റൽമാത്രമാണ് ട്രംപ് ചെയ്യുന്നതെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു.വിവാദ പ്രസ്താവനകളിലൂടെ മധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. വിവാദങ്ങളിലൂടെ മുന്നോട്ട് നീങ്ങുന്ന ട്രംപിൽനിന്ന് ജനങ്ങൾ അകന്നു കഴിഞ്ഞെന്നും ഒബാമ പറഞ്ഞു.
ട്രംപ് തോൽക്കുമെന്ന് പറയാൻ കാരണം എന്തെന്ന ചോദ്യത്തിന്, അമേരിക്കൻ ജനതയിൽ തനിക്ക് പൂർണമായ വിശ്വാസമുണ്ട്. ഒരു റിയാലിറ്റി ഷോ അവതാരകനാവുക എന്നതിനേക്കാൾ ഏറെ കടുപ്പമാണ് അമേരിക്കൻ ജനതയുടെ പ്രസിഡന്റ് ആവുക എന്നത്. അമേരിക്കയിലെ ജനങ്ങൾ ബോധമുള്ളവരാണ്. അതുകൊണ്ട് തന്നെ ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരില്ലെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും ഒബാമ പറഞ്ഞു.
പ്രസിഡന്റിന്റെ ജോലിയെന്ന് ഒരു ടോക് ഷോയോ റിയാലിറ്റി ഷോയോ മാർക്കറ്റിങ്ങോ പോലെ എളുപ്പമല്ലെന്നും ഒബാമ പറഞ്ഞു. കാലിഫോർണിയയിൽ നടക്കുന്ന യുഎസ് ആസിയാൻ ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റ് സ്ഥാനാർത്ഥികളെ അപേക്ഷിച്ച് ട്രംപ് പറയുന്നത് ആളുകൾ ശ്രദ്ധിക്കാറുണ്ട്. മറ്റ് സ്ഥാനാർത്ഥികൾ പറയുന്നതിൽ നിന്നും വ്യത്യസ്തമായ കാര്യമാണ് ട്രംപ് പറയുന്നത്. പക്ഷേ മുസ്ലീം വിരുദ്ധ വികാരം ജനങ്ങളിൽ കുത്തിനിറക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.
അതേസമയം മറ്റ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ പറയുന്ന നല്ല കാര്യങ്ങൾ കേൾക്കാൻ ജനങ്ങൾക്ക് സാധിക്കുന്നില്ല. മറ്റുള്ളവർ പറയുന്ന നല്ല കാര്യങ്ങൾ ഇത്തരം പ്രസ്താനകൾക്കിടയിൽ മുങ്ങിപ്പോകുന്നുവെന്നും ഒബാമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: