കോഴിക്കോട്: ദാരിദ്ര്യവും പിന്നാക്കാവസ്ഥയും ഇല്ലാതാക്കാന്‍ ശാസ്ത്ര-സാങ്കേതിക വളര്‍ച്ച ഉപയുക്തമാകണമെന്ന സ്വാമി വിവേകാനന്ദന്റെ സ്വപ്നമാണ് യാഥാര്‍ത്ഥ്യമാകുന്നതെന്ന് വിഎസ്എസ്സി ഡയറക്ടര്‍ ഡോ. കെ. ശിവന് പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റില്‍ വിഎസ് എസ്സിയുടെ സ്ഥിരം പവലിയന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാരിദ്ര്യം ഇല്ലാതാക്കാനും പട്ടിണിയകറ്റാനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കാര്‍ഷികവളര്‍ച്ച ഉണ്ടാകണം. ശാസ്ത്ര പുരോഗതിയിലൂടെ കാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ കഴിയും. ബഹിരാകാശ ഗവേഷണ പദ്ധതികളിലൂടെ ആരോഗ്യ-വിദ്യാഭ്യാസ-കാര്‍ഷിക-വ്യവസായ മേഖലകളില്‍ പുതിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുന്നു. ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ സാധാരണക്കാരന് അനുഗുണമാകണമെന്നായിരുന്നു സ്വാമി വിവേകാനന്ദന്റെ ആഹ്വാനം. ഗ്രാമീണ ഭാരതവും നാഗരികത ഭാരതവും തമ്മിലുള്ള വിടവ് ഇല്ലാതാക്കാന്‍ ശാസ്ത്ര സാങ്കേതിക വളര്‍ച്ച കൊണ്ട് സാധ്യമാകും. 1963 മുതല്‍ ഡിടിഎച്ച് സംവിധാനം സാധ്യമായത് ബഹിരാകാശ സാങ്കേതിക വിദ്യയിലൂടെയാണ്. വിദൂരപ്രദേശങ്ങളിലെ രോഗികള്‍ക്കടക്കം ടെലിമെഡിസിന്‍ വഴി ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ഇന്ന് ലഭ്യമാകുന്നു.
പ്രകൃതി ക്ഷോഭങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്കാന് കഴിയുന്നതിലൂടെ നിരവധി ജീവന് സംരക്ഷിക്കാന്‍ കഴിയുന്നതും ബഹിരാകാശ ഗവേഷണരംഗം കൈവരിച്ച നേട്ടങ്ങളിലൂടെയാണ്. മത്സ്യബന്ധനത്തിനടക്കം സഹായകമായ വിവരങ്ങള്‍ നല്കാന് ഈ മേഖലയ്ക്ക് കഴിയുന്നു. ഇന്റര്‍നെറ്റിലൂടെ വിപുലമായ സൗകര്യങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതും ബഹിരാകാശ ഗവേഷണഫലമായാണെന്നും, അദ്ദേഹം പറഞ്ഞു. ഐഐഎംകെ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. കല്ഭൂഷണ് ബലൂനി അധ്യക്ഷത വഹിച്ചു. പ്രൊഫ. കോയൂര്‍ പുരാനി, ഡോ. എം.ജി. ശ്രീകുമാര്‍, ഡോ. അറവാമുതം, എസ്.ആര്. വിജയമോഹനകുമാര്‍ എന്നിവര്‍ സംസാരിച്ചു. ആയിരം ചതുരശ്ര അടിയിലേറെ വിസ്തീര്‍ണ്ണമുള്ള പവലിയന് ഇന്ത്യ ഇന്‍ സ്പേസ് എന്നാണ് പേരിട്ടിരിക്കുന്നത്. 1962 മുതല്‍ 2005 വരെയുള്ള ഭാരത ഉപഗ്രഹ രംഗത്തെ വളര്‍ച്ചയും പരിണാമവും റോക്കറ്റ് സാങ്കേതിക വിദ്യയിലെ വികാസം, സാറ്റലൈറ്റുകളുടെ വിവിധ ഉദ്ദേശങ്ങള്‍, ചന്ദ്രയാന്‍ രംഗത്തെ നേട്ടങ്ങള്‍, ദേശീയ വളര്‍ച്ചാ രംഗത്തെ ബഹിരാകാശ പഠന സാധ്യതകള്‍, തുടങ്ങി വിജ്ഞാനപ്രദമായ പ്രദര്‍ശനമാണ് ഒരൂക്കിയിരിക്കുന്നത്. പവലിയനില്‍ തയാറാക്കിയ പ്രത്യേക തിയേറ്ററില്‍ വിഎസ്എസ്സിയുടെ നേട്ടങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററിയും കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: