റോം: ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദത്തില്‍ ഇന്ന് റയല്‍ മാഡ്രിഡിന് എതിരാളികള്‍ എ.എസ്. റോമ. റോമയുടെ തട്ടകത്തിലാണ് ഇന്നത്തെ പോരാട്ടം.
ക്രിസ്റ്റിയാനോ റൊണാള്‍ഡോ, കരിം ബെന്‍സേമ, ഗരെത്ത് ബെയ്ല്‍, ജെയിംസ് റോഡ്രിഗസ് എന്നിവരടങ്ങുന്ന താര സംഗമത്തിലാണ് ഇന്നത്തെ ആദ്യപാദത്തില്‍ റയലിന്റെ പ്രതീക്ഷകള്‍ മുഴുവന്‍. സൂപ്പര്‍താരം ക്രിസ്റ്റിയാനോയുടെ ബൂട്ടുകള്‍ ഇന്നും ഗോള്‍ വര്‍ഷിച്ചാല്‍ അനായാസവിജയം നേടാന്‍ റയലിന് കഴിയും.
സ്പാനിഷ് ലീഗില്‍ 21 ഗോളുകള്‍ ഈ സീസണില്‍ നേടിയ ക്രിസ്റ്റിയാനോ ചാമ്പ്യന്‍സ് ലീഗിലെ ആറ് ഗ്രൂപ്പ് മത്സരങ്ങളില്‍ നിന്നായി 11 തവണയാണ് എതിര്‍ വലയില്‍ പന്തെത്തിച്ചിട്ടുള്ളത്. റൊണാള്‍ഡോക്കൊപ്പം മറ്റുള്ളവരും മികച്ച ഫോമിലേക്കുയര്‍ന്നാല്‍ റയലിന് കാര്യങ്ങള്‍ എളുപ്പമാകും. എന്നാല്‍ പലപ്പോഴും അവസരത്തിനൊത്തുയരാന്‍ അവര്‍ക്ക് കഴിയുന്നില്ല എന്നതാണ് ഏക പ്രശ്‌നം. സ്പാനിഷ് ലീഗിന്റെ ആദ്യപാദത്തില്‍ ഒന്നാമതായിരുന്ന റയല്‍ നിലവില്‍ മൂന്നാമതാണ്.
ഗ്രൂപ്പ് ഇയില്‍ ബാഴ്‌സലോണക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് റോമ അവസാന 16-ല്‍ ഇടംപിടിച്ചത്. എന്നാല്‍ ഗ്രൂപ്പില്‍ ഒരേയൊരു മത്സരം മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. ബയേര്‍ ലെവര്‍ക്യുസനും റോമക്കും ഗ്രൂപ്പില്‍ ആറ് പോയിന്റായിരുന്നെങ്കിലും മെച്ചപ്പെട്ട ഗോള്‍ ആവറേജ് റോമക്ക് തുണയാവുകയായിരുന്നു.
മുന്‍ ഇറ്റാലിയന്‍ താരമായ ഫ്രാന്‍സിസ്‌കോ ടോട്ടി നയിക്കുന്ന ടീമില്‍ മിഡ്ഫീല്‍ഡ് ജനറല്‍ ഡാനിയേല ഡി റോസ്സിയാണ് സൂപ്പര്‍താരം. ബോസ്‌നിയന്‍ താരം മിറാലെം പാനിക്കും എഡിന്‍ സെക്കോയും ഇറ്റാലിയന്‍ താരം സ്റ്റീഫന്‍ എല്‍ ഷരാവെയുമാണ് ടീമിന്റെ മുഖ്യ സ്‌ട്രൈക്കര്‍മാര്‍. റയലിന്റെ സൂപ്പര്‍താരനിരയെ പിടിച്ചുകെട്ടുക എന്നതാണ് റോമ പ്രതിരോധത്തിന്റെ ഏറ്റവും വലിയ തലവേദന. ഇതില്‍ അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞാല്‍ വിജയം നേടാന്‍ കഴിയും.
മറിച്ചായാല്‍ റോമയുടെ കാര്യം കഷ്ടത്തിലാകുമെന്ന് ഉറപ്പ്. കാരണം അര്‍ദ്ധാവസരങ്ങള്‍ പോലും ഗോളാക്കാന്‍ കഴിയുന്നവരാണ് ക്രിസ്റ്റിയാനോ ഉള്‍പ്പെട്ട റയല്‍ മുന്നേറ്റനിര.
ഇരുടീമുകളും യുവേഫ ചാമ്പ്യന്‍ഷിപ്പില്‍ എട്ട് തവണ മുന്‍പ് ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ നാലെണ്ണം റയല്‍ ജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ റോമക്കായിരുന്നു ജയം. ഒരെണ്ണം സമനിലയില്‍ കലാശിച്ചു.
















