മൈനസ് 60 ഡിഗ്രി തണുപ്പ്, തുളച്ചുകയറുന്ന ശീതക്കാറ്റ്, ശ്വാസം ശരിയായി എടുക്കാന്‍ പോലും കഴിയാത്ത അവസ്ഥ, കരുതലില്‍ ഒരു ചെറിയ വിള്ളല്‍ വീണാല്‍ ശരീരംപോലും ലഭിക്കാത്തവിധം മഞ്ഞുപാളികളിലേക്ക് ആഴ്ന്നിറങ്ങിപ്പോകാവുന്ന സ്ഥിതി. സിയാച്ചിന്‍ മഞ്ഞുമലയില്‍ ജീവനും മരണവും തമ്മില്‍ നൂല്‍പ്പാലത്തിലൂടെയാണ് യാത്ര ചെയ്യുന്നത്. ജാഗ്രതയും സൂക്ഷ്മതയും അതിന്റെ എല്ലാ വ്യാഖ്യാനങ്ങളുടെയും അപ്പുറത്ത് നിന്നുകൊണ്ട് ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നെയാ ശരീരം ഭൂമുഖത്തില്ല.
എത്ര വിശദീകരിച്ചാലും വിശകലനം ചെയ്താലും ധീരജവാന്മാരുടെ പ്രവൃത്തിയുടെ ആഴം അളക്കാനാവില്ല. അവിടെ നമ്മുടെ സുരക്ഷയ്ക്കുവേണ്ടി അവര്‍ എല്ലാം മറന്ന് നില്‍ക്കുകയാണ്. ഒരിത്തിരി തണുപ്പുകൂടുമ്പോള്‍ അസഹനീയരാവുന്ന നമ്മള്, ആര്‍ഭാടവും ആഡംബരവുമായി ജീവിതം മുന്നോട്ടുകൊണ്ടുപോവുമ്പോള്‍ ഒരുവേള പ്രിയപ്പെട്ട നമ്മുടെ ധീരജവാന്മാരെക്കുറിച്ച് തരിമ്പും ചിന്തിക്കുന്നില്ല. മരണം തഴുകിയുറക്കിയ അവരുടെ ഭൗതിക ദേഹങ്ങള്‍ നാട്ടിലെത്തുമ്പോഴാണ് അല്പമെങ്കിലും ഓര്‍ക്കുന്നത്.
നമുക്കുവേണ്ടി രാപകല്‍ ശത്രുവിന്റെ നീക്കങ്ങളും പ്രകൃതിയുടെ ശത്രുതയും നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന അവര്‍ക്ക് വലിയ ചെലവില്ലാതെ കൊടുക്കാവുന്ന ആദരവുപോലും ലഭ്യമാകാതിരിക്കുന്ന അവസ്ഥയെ നന്ദികേടെന്നോ നെറികേടെന്നോ അതുമല്ലെങ്കില്‍ മറ്റെന്തുവാക്കുകൊണ്ടാണ് വിശേഷിപ്പിക്കുക? സിയാച്ചിനിലെ മഞ്ഞിടിച്ചിലില്‍ മരണമടഞ്ഞ ധീരജവാന്റെ ഭൗതികദേഹം ന്യൂദല്‍ഹിയില്‍ എത്തിച്ചപ്പോള്‍ പ്രബുദ്ധ കേരളത്തിന്റെ ഉത്തരവാദപ്പെട്ട ഒരാളും ആദരിക്കാന്‍ ഉണ്ടായില്ലത്രേ.
ഇതിനെ ലജ്ജാവഹം എന്നുപറയാന്‍പോലും കഴിയുമോ? ദുരന്തമേഖലയിലെ പ്രതികൂല സാഹചര്യങ്ങളോട് ഏറ്റുമുട്ടി ഏറെ ബുദ്ധിമുട്ടിയാണ് കൊല്ലം സ്വദേശി ബി. സുധീഷിന്റെതുള്പ്പെടെയുള്ള ഒമ്പതു ജവാന്മാരുടെ മൃതദേഹം വഴിമധ്യേ ന്യൂദല്‍ഹിയില്‍ ഇറക്കിയത്. പാലം വിമാനത്താവളത്തില്‍ എത്തിച്ചപ്പോള്‍ വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ മൃതദേഹങ്ങളില്‍ ആദരവ് അര്‍പ്പിക്കാന്‍ എത്തിയിരുന്നു. എന്നാല്‍ കേരളത്തിന്റെ റസിഡന്റ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാന്‍ പോലുമുള്ള മര്യാദ കാട്ടിയില്ല. ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലെന്ന തരത്തിലുള്ള പെരുമാറ്റമാണ് ഉണ്ടായതെന്ന് പരക്കെ ആരോപണമുണ്ട്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്തൊക്കെ പ്രോട്ടോകോള്‍ മര്യാദകളാണ് വേണ്ടതെന്നതിനെക്കുറിച്ച് കൃത്യമായ ചട്ടം നിലവിലുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് സംസ്ഥാനത്തെ ഉത്തരവാദപ്പെട്ടവര്‍ യുക്തമായ നിര്‍ദ്ദേശം നല്‍കിയില്ലെന്നാണ് പറയുന്നത്. തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജവാന്മാരുടെ മൃതദേഹങ്ങളായിരുന്നു ശേഷിച്ചത്. കരസേനാ മേധാവി ദല്‍ബീര്‍സിങ് സുഹാഗ് ഉള്‍പ്പെടെയുള്ളവര്‍ മൃതദേഹങ്ങളില്‍ ആദരാഞ്ജലിയര്‍പ്പിച്ചു. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളുടെ പ്രതിനിധികളും തങ്ങളുടെ ആദരവ് അര്‍പ്പിക്കാന്‍ എത്തിച്ചേരുകയുണ്ടായി. കേരളത്തിന്റെ ഭാഗത്തുനിന്നുണ്ടായ അക്ഷന്തവ്യമായ അപരാധം വന്‍ ചര്ച്ചയായതിനെതുടര്ന്ന്് ബന്ധപ്പെട്ടവര്‍ നട്ടാല്‍ പൊടിക്കാത്ത വിശദീകരണങ്ങളുമായാണ് രംഗത്തുവന്നത്. നടപടികളെല്ലാം പ്രതിരോധ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നാണ് പറയുന്നത്.
എത്രയും പെട്ടെന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുകയായിരുന്നുവത്രെ. കേരള ഹൗസില്‍ മാസങ്ങള്‍ക്കു മുമ്പ് ബീഫ് കറി വിവാദം ഉണ്ടായപ്പോള്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങളുടെയും താല്‍പ്പര്യങ്ങളുടെയും ഒരംശമെങ്കിലും എന്തുകൊണ്ട് വീരജവാന്റെ ഭൗതിക ദേഹത്തോട് കാണിച്ചില്ല എന്ന ചോദ്യം മലയാളികളുടെ നെഞ്ചുപൊള്ളിക്കുന്നതാണ്. ഇത് സംസ്ഥാന ഭരണകൂടത്തിന്റെ അപരാധം തന്നെയാണ്. മറ്റ് കാര്യങ്ങള്‍ക്ക് നല്കുന്ന അമിത പ്രാധാന്യം വെച്ചുനോക്കുമ്പോള്‍ നാടുകാക്കുന്ന ജവാനോട് ഇങ്ങനെയൊക്കെ മതിയെന്ന നിലപാടാണ്. ഈ ക്രുരത അപലപിക്കപ്പെടേണ്ടതാണ്.
ഓരോ സംഭവവും അതാതിന്റെ സംസ്കാരം പ്രസരിപ്പിക്കുമെന്ന് പറയാറുണ്ട്. ധീരജവാന്റെ ഭൗതിക ദേഹത്തെ അര്‍ഹിക്കുന്ന തരത്തില്‍ ആദരിക്കാനുള്ള മനസ്സ് ഉണ്ടാവണമെങ്കില്‍ ജവാന്മാര് എന്താണ് നാടിനുവേണ്ടി ചെയ്യുന്നതെന്നതിനെക്കുറിച്ച് ബോധ്യം വേണം. രാഷ്ട്രീയ പിത്തലാട്ടത്തിന്റെ നാറുന്ന വേഷംകെട്ടിയാടുന്ന കോമാളി നാടകത്തിലെ വിദൂഷകന്മാര് നിയന്ത്രിക്കുന്ന ഒരു ഭരണകൂടത്തില്‍ നിന്ന് ഇത്രയൊക്കെയേ പ്രതീക്ഷിച്ചുകൂടൂ.
സ്വന്തം രാഷ്ട്രീയ താല്‍പ്പര്യത്തിന്റെ ഭൂമികയൊരുക്കാനുള്ള തത്രപ്പാടില്‍ രാജ്യസ്നേഹവും ജവാന്മാരുടെ ജീവിതവും ഒന്നും പ്രശ്നമാവുന്നില്ല. വോട്ടു നേടാനുള്ള കുറുക്കുവഴികളിലേക്ക് കണ്ണോട്ടമെറിയുന്ന ദൂരക്കാഴ്ചയില്ലാത്ത രാഷ്ട്രീയ നൃശംസത വിസ്മരിക്കയത്രേ കരണീയം. ഭാരതാംബക്കുവേണ്ടി ജീവത്യാഗം ചെയ്യേണ്ടിവന്ന ധീരജവാന്മാരുടെ പാവന സ്മരണക്കു മുമ്പില്‍ പ്രണാമങ്ങള്‍, ജയ് ഹിന്ദ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: