ആലുവ: രണ്ട് കുട്ടികളുമായി മാതാവ് പെരിയാറില്‍ ചാടി മരിച്ചു. കങ്ങരപ്പടി മൃഗാശുപത്രിക്ക് സമീപം നാറാണത്ത് വീട്ടില്‍ അഭിലാഷിന്റെ ഭാര്യ നീതു (28), മക്കളായ അനാമിക (എട്ട്), അര്‍ജുന്‍കൃഷ്ണ (ഒന്നര) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ ആലുവ മണപ്പുറം കുട്ടിവനത്തോട് ചേര്‍ന്നാണ് സംഭവം.
അര്ജുന്കൃഷ്ണയെ എടുത്തും അനാമികയെ നടത്തിയുമാണ് യുവതി പുഴ തീരത്ത് എത്തിയത്. തുടര്‍ന്ന് ഇരുവരെയും കൂട്ടിപിടിച്ച് ചാടുകയായിരുന്നു. പുഴയില്‍ മീന്പിടിച്ചിരുന്നവരും എതിര്‍വശം ഫഌറ്റില്‍ താമസിക്കുന്നവരും യുവതി കുട്ടികളുമായി പുഴയിലേക്ക് ചാടുന്നത് കണ്ടിരുന്നു. ഇവര്‍ അറിയിച്ചതനുസരിച്ച് ആലുവയില്‍ നിന്നും ഫയര്‍ഫോഴ്സെത്തി നടത്തിയ തിരച്ചിലില്‍ അര മണിക്കൂറിനകം രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ആറരയോടെ യുവതിയുടെയും മൃതദേഹം കിട്ടി.
തേവയ്ക്കല്‍ ഗവ.എല്‍.പി സ്കൂളിലെ താത്ക്കാലിക അദ്ധ്യാപികയാണ് മരിച്ച നീതു. ഭര്‍ത്താവ് അഭിലാഷ് ഇടുക്കിയില്‍ ബിഎസ്എന്‍എല്‍ ജീവനക്കാരനാണ്. വിവാഹ ശേഷം അഭിലാഷ് തറവാട് വീടിന് സമീപം സ്വന്തമായി വീട് നിര്‍മ്മിച്ചെങ്കിലും സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വിറ്റിരുന്നു. ആറ് മാസത്തോളമായി അയല്‍വാസിയുടെ വീട്ടില്‍ വാടകക്ക് താമസിക്കുകയായിരുന്നു. ചെങ്ങമനാട് പാലപ്രശേരി സോനാശേരി വീട്ടില്‍ സലിന്‍കുമാറിന്റെ മകളാണ് മരിച്ച നീതു.
ഞായറാഴ്ച്ച സഹോദരന്റെ വിവാഹനിശ്ചയത്തില്‍ നീതു പങ്കെടുത്ത് സന്തോഷത്തോടെയായാണ് മടങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മൂവരുടെയും മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ആലുവ ഫയര്‍ സ്റ്റേഷന് ലീഡിംഗ് ഫയര്മാന് വി.എസ്. സുകുമാരന്‍, പി.കെ. എല്‍ദോസ്, പി.വൈ. ഷെമീര്‍ എന്നിവരാണ് മൂന്ന് മൃതദേഹങ്ങളും മുങ്ങിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: