തൊടുപുഴ: വണ്ടന്മേട്ടില് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹതയുള്ളതായി സ്പെഷല്‍ ബ്രാഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. മരണം തലയ്ക്ക് പട്ടികകൊണ്ടുള്ള അടിയേറ്റാണെന്ന് സ്പെഷല്‍ ബ്രാഞ്ച് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തമിഴ്നാട് സ്വദേശിയായ സെന്‍ഡ്രി പെരുമാള്‍ (26)ന്റെ മരണത്തിലാണ് ദൂരുഹതയുണ്ടെന്ന് കണ്ടെത്തിയത്.
കഴിഞ്ഞമാസം മൂന്നിനാണ് സംഭവം. വഴിയില്‍ വീണ് തലയ്ക്ക് പരിക്കേറ്റെന്നു പറഞ്ഞാണ് ബന്ധുക്കള്‍ സെന്‍ഡ്രിയെ പുറ്റടിയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോേളജില്‍ എത്തിക്കാന്‍ ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ സെന്‍ഡ്രിയെ തേനി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. എട്ടിനു മരിക്കുകയും ചെയ്തു. ബന്ധുക്കളുടെ മൊഴിയെ തുടര്‍ന്ന് വണ്ടന്മേട് പോലീസ് അന്ന് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മേഖലകളില്‍ മരണത്തില്‍ ദുരുഹതയെന്ന് ആരോപിച്ച് നിരവധി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ പോസ്റ്ററുകള്‍ രാത്രിയില്‍ ചിലര്‍ നീക്കം ചെയ്തു. ഇതാണ് നാട്ടുകാര്‍ക്ക് സെന്ഡ്രിയുടെ മരണത്തില്‍ സംശയം തോന്നാന്‍ കാരണം. ഇതിനെ തുടര്‍ന്നാണ് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തി ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജില്ലാ പോലീസ് മേധാവി കട്ടപ്പന ഡിവൈഎസ്പിക്ക് കേസ് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മരിച്ച സെന്‍ഡ്രി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വണ്ടന്മേട് മാലിയിലാണ് താമസിച്ച് വന്നിരുന്നത്. ഒരു ബന്ധുവിന്റെ മരണവീട്ടിലുണ്ടായ തര്‍ക്കത്തിലാണ് യുവാവിന് തലയ്ക്ക് പരിക്കേറ്റതെന്ന് രഹസ്യ വിവരമുണ്ട്. സംഭവ ദിവസം സംഘര്‍ഷം നടക്കുന്നതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വണ്ടന്മേട് പോലീസ് ഈ വീട്ടില്‍ എത്തിയിരുന്നു. വീട്ടുകാര്‍ തമ്മിലുള്ള നിസാര പ്രശ്നമേ ഉള്ളു എന്ന് ഇവിടെ കൂടി നിന്നവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് മടങ്ങുകയും ചെയ്തു.
സെന്‍ഡ്രി പെരുമാളിന്റെ മരണത്തെ അപകട മരണമെന്നാക്കി മാറ്റാന്‍ നീക്കം നടക്കുന്നതായും സ്പെഷല്‍ ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ഇതിലും അന്വേഷണങ്ങളും പുരോഗമിക്കുകയാണ്. സെന്ഡ്രിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ തേനി മെഡിക്കല്‍ കോളജ് അധികൃതര്‍ നല്‍കിയിട്ടില്ല. മരണകാരണം അന്വേഷിച്ചെത്തിയ വണ്ടന്മേട് എസ്ഐയോട് റിപ്പോര്‍ട്ട് തരുമ്പോള്‍ മരണകാരണം വായിച്ചു നോക്കാന്‍ പറയുകയാണ് ചെയ്തത്. തമിഴ്നാട് പോലീസിനും കേസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ വണ്ടന്മേട് പോലീസ് കൈമാറിയെങ്കിലും തമിഴ്നാട് പോലീസും ഇതുവരെ ഈ കേസുമായി സഹകരിക്കാന്‍ കൂട്ടാക്കിയിട്ടില്ല.
ഇന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വണ്ടന്മേട് പോലീസിനു ലഭിക്കും. തുടര്‍ന്ന് ഇതുവരെ ചോദ്യം ചെയ്ത ബന്ധുക്കള്‍ ഉള്‍പ്പടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്യും. കട്ടപ്പന ഡിവൈഎസ്പിയുടെ നിര്‍ദേശ പ്രകാരം കട്ടപ്പന സിഐ: ബി. ഹരികുമാര്‍, വണ്ടന്മേട് എസ്ഐ: പി.എ. അസീസ് എന്നിവര്‍ക്കാണ് കേസിന്റെ അന്വേഷണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: