റാഞ്ചി: പൂനെയിലെ ഞെട്ടലില്‍നിന്ന് റാഞ്ചിയില്‍ മോചിതരായ ഇന്ത്യ, ട്വന്റി20 പരമ്പര തേടി ഇന്ന് വിശാഖപട്ടണത്തേക്ക്. ശിഖര്‍ ധവാന്റെയും ബൗളര്‍മാരുടെയും മികവില്‍ നായകന് എം.എസ്. ധോണിയുടെ നാടായ റാഞ്ചിയില്‍ ലങ്കയെ തകര്‍ത്ത് പരമ്പരയില്‍ ഒപ്പമെത്തിയതിന്റെ ആവേശമുണ്ട് ഇന്ത്യയ്ക്ക്. 69 റണ്‍സിന് ആതിഥേയരുടെ ജയം. സ്കോര്‍: ഇന്ത്യ – 196/6 (20), ശ്രീലങ്ക – 127/9 (20).
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടിവന്നെങ്കിലും ട്വന്റി20യിലെ ആദ്യ അര്‍ധശതകം തികച്ച ശിഖര്‍ ധവാന്റെ നേതൃത്വത്തില്‍ മികച്ച സ്കോറിലേക്ക് ബാറ്റേന്തി ഇന്ത്യ. 25 പന്തില്‍ ഏഴു ഫോറും രണ്ടു സിക്സറുമടക്കം 51 റണ്‍സെടുത്തു ശിഖര്‍. രോഹിത് ശര്‍മ (43), സുരേഷ് റെയ്ന (30), ഹാര്‍ദിക് പാണ്ഡ്യ (27), അജിങ്ക്യ രഹാനെ (25) എന്നിവരും ശിഖറിന് പിന്തുണ നല്കി. അവസാന ഓവറില്‍ റെയ്ന, ഹാര്‍ദിക്, യുവരാജ് എന്നിവരെ മടക്കി ഹാട്രിക് നേടിയ തിസര പെരേര ഇരുന്നൂറിലെത്തുന്നതില്നിന്ന് ഇന്ത്യയെ തടഞ്ഞു.
വലിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്കയ്ക്ക് ഇന്ത്യന്‍ ബൗളര്‍മാര്‍ യാതൊരു പഴുതും അനുവദിച്ചില്ല. നാലോവറില്‍ 14 റണ്‍ വഴങ്ങി മൂന്നു വിക്കറ്റെടുത്ത അശ്വിനും, രണ്ട് ഇരകളെ വീതം കണ്ടെത്തിയ ആശിഷ് നെഹ്റ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരും ലങ്കയെ തോല്‍വിയിലേക്കു തള്ളിയിട്ടു. ശിഖര്‍ ധവാന് കളിയിലെ താരം.
















