ന്യൂദല്‍ഹി: ഇസ്രത്ത് ജഹാന്‍ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് ഗൂഢാലോചന നടത്തിയെന്ന് മുന്‍ ഐ.ബി ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.
ഗുജറാത്തില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് മോദിയെ കേസില്‍ പെടുത്താന്‍ ഗൂഢാലോചന നടത്തിയതെന്ന് 1979 ബാച്ചുകാരനായ ഐ.ബിയുടെ മുന്‍ സ്പെഷല്‍ ഡയറക്ടര്‍ രജീന്ദര്‍ കുമാര്‍ വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ സര്‍വീസില്‍ നിന്ന് വിരമിച്ചത്.
യുപിഎ സര്‍ക്കാരിനു ഏറ്റവും വലിയ ഭീഷണിയായിരുന്നു മോദി. അതിനാലാണ് അദ്ദേഹത്തിനെതിരേ സംസാരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്. സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം വലിയ സ്ഥാനമാനങ്ങള്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നുവെന്നും രജീന്ദര്‍ കുമാര്‍ പറയുന്നു.
2004-ല്‍ അഹമ്മദാബാദിലാണ് മുംബൈ സ്വദേശിനി ഇസ്രത്ത് ജഹാന്‍, മലയാളിയായ പ്രാണേഷ് കുമാര്‍ ഉള്‍പ്പടെ നാല് പേര്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചത്. അന്ന് ഗുജാറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദി.
















