ഗുരുവായൂര്‍: യുദ്ധക്കുറ്റവാളികളെ വിചാരണ ചെയ്യുന്ന വേളയില്‍ വിദേശ പ്രതിനിധികളുടെ നിരീക്ഷണം അനുവദിക്കുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു വിക്രമസിംഗെ. ശക്തമായ നിയമസംവിധാനവും കോടതിയും ഉള്ള നാടാണ് ശ്രീലങ്ക. യുദ്ധവേളയില്‍ എന്തെങ്കിലും അതിക്രമം നടന്നുവോ എന്നകാര്യവും എല്‍ടിടിഇ നാട്ടുകാരെ കൊന്നൊടുക്കിയോ എന്നും പരിശോധിക്കാന്‍ അവിടുത്തെ നിയമ സംവിധാനത്തിന് കഴിവുണ്ടെന്നും വിക്രമസിംഗെ പറഞ്ഞു.
ഭക്തര്‍ക്ക് തടസമുണ്ടാക്കാത്ത വിധം സുരക്ഷാ മാനദണ്ഡങ്ങള്‍ ഒഴിവാക്കിയായിരുന്നു വിക്രമസിംഗെയുടെ ക്ഷേത്രദര്‍ശനം. ക്ഷേത്രത്തിനകത്തും പുറത്തും ഭക്തരെ തടയരുതെന്ന് അദ്ദേഹം നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഉച്ചപൂജ കഴിഞ്ഞ് നട തുറന്ന ഉടനെ നാലമ്പലത്തിനകത്തുകയറി അദ്ദേഹം ഗുരുവായൂരപ്പനേയും ഗണപതിയേയും തൊഴുതു.
ഓതിക്കന്‍ കക്കാട് സതീശന്‍ നമ്പൂതിരിപ്പാട് പ്രസാദം നല്‍കി. പത്‌നി മൈത്രി വിക്രമസിംഗെയും ഹിന്ദുമതമന്ത്രി ഡി. സ്വാമിനാഥനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ക്യൂവില്‍ നില്‍ക്കുന്നവരെ മാറ്റാനും അദ്ദേഹം സമ്മതിച്ചില്ല. വിക്രമസിംഗെ ദര്‍ശനം നടത്തിയ ഉടനെ ക്യൂവില്‍ നിന്ന മറ്റു ഭക്തരെയും ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിച്ചു. മമ്മിയൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷമാണ് വിക്രമസിംഗെ മടങ്ങിയത്. കൊച്ചിയില്‍ നിന്നും കാര്‍ മാര്‍ഗമാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രിയും സംഘവും ഗുരുവായൂരില്‍ എത്തിയത്.
















