തുറവൂര്‍: അനധികൃത നിര്‍മ്മാണങ്ങള്‍ നീക്കം ചെയ്യല്‍ പ്രഹസനമായി. പമ്പ പാതയില്‍ ജനങ്ങളെ ദുരിതത്തിലാക്കി ഗതാഗത കുരുക്ക്. തുറവൂര്‍-തൈക്കാട്ടുശേരി റോഡരികിലെ കൈയ്യേറ്റങ്ങള്‍ നീക്കം ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പധികൃതര്‍ നോട്ടീസ് നല്‍കിയിട്ട് മൂന്ന് മാസത്തിലേറെയായെങ്കിലും നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.
തൈക്കാട്ടുശേരി പാലം തുറന്നതോടെ ഇരുചക്ര വാഹനങ്ങളടക്കം വലുതും ചെറുതുമായ നൂറുകണക്കിന് വാഹനങ്ങള്‍ നിമിഷം പ്രതി കടന്നു വരുന്ന റോഡില്‍ അനധികൃത നിര്‍മ്മാണവും വഴിയോരക്കച്ചവടവും മൂലമുള്ള ഗതാഗത സ്തംഭനം പതിവായിരുന്നു.
പല വ്യാപാരസ്ഥാപനങ്ങള്‍ക്കു മുന്നിലുംപൊതുമരാമത്ത് വകുപ്പിന്റെ സഥലത്തേയ്‌ക്ക് ഇറക്കി വച്ചിരിക്കുന്ന കെട്ടിട ഭാഗങ്ങള്‍ക്കൊപ്പം വഴിയോരക്കച്ചവടവും കൂടിയാകുമ്പോള്‍ ഇടുങ്ങിയ റോഡിലെ ഗതാഗതം ദുഷ്‌ക്കരമാകും.
റോഡ്‌വികസനം മാത്രമാണ് ഈ ദുരവസ്ഥയ്‌ക്ക് പരിഹാരം. നോട്ടീസ് നല്കിയതോടെ നടപടികള്‍ നിലച്ചത് ഉന്നത സമ്മര്‍ദ്ദത്തിന്റെ ഫലമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കുറച്ചുനാള്‍ മുമ്പ് ദേശീയപാതയോരത്തെ വഴിയോരക്കച്ചവടങ്ങള്‍ പൊതുമരാമത്ത് വകുപ്പധികൃതര്‍ നീക്കം ചെയ്‌തെങ്കിലും ഏതാനും നാളുകള്‍ക്കുള്ളില്‍ ഇവ വീണ്ടും പ്രത്യക്ഷപ്പെട്ടു.
തുറവൂര്‍ കവലയല്‍ നിന്ന് കിഴക്കോട്ടുള്ള റോഡ് അനധികൃത നിര്‍മ്മാണവും വഴിയോര വാണിഭക്കാരും കൈയ്യടക്കിയിരിക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ പോലും സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുകയാണ്. ദേശീയ പാതയോരത്തും അനധികൃത നിര്‍മ്മാണത്തിനൊപ്പം വഴിയോരക്കച്ചവടത്തിനും നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ മാത്രമേ പമ്പാ പാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാന്‍ കഴിയൂ എന്നാണ് പൊതുജനഭിപ്രായം.
















