യുക്തിവിചാരത്തിനു വളരെയേറെ പ്രാധാന്യം കൊടുക്കുന്ന രണ്ടു വൈജ്ഞാനികശാഖകളാണ് സയന്‍സും വേദാന്തവും. സയന്‍സില്‍ നിരീക്ഷണം, അതനുസരിച്ചുള്ള ചോദ്യങ്ങള്‍ രൂപീകരിക്കല്‍, ലഭ്യമായ നിരീക്ഷണഫലങ്ങള്‍ ഉപയോഗിച്ചു ഒരു ഹൈപ്പോതെസിസ് അഥവാ ഒരു സാങ്കല്പികസിദ്ധാന്തം രൂപപ്പെടുത്തല്‍, അതിനെ പരീക്ഷണങ്ങള്‍ക്കു വിധേയമാക്കല്‍, പരീക്ഷണഫലങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തല്‍, അതനുസരിച്ചു ഹൈപ്പോതെസിസ് അംഗീകരിക്കുകയോ മാറ്റം വരുത്തുകയോ ചെയ്യല്‍, വീണ്ടും പരീക്ഷണം നടത്തി ഒരു നിഗമനത്തിലെത്തി പൊതുസിദ്ധാന്തം രൂപീകരിക്കല്‍ എന്നീ പ്രക്രിയകളാണ് ഉള്ളത്. ഈ നിഗമനങ്ങളെ ഗണിതം എന്ന ഭാഷയുടെ സഹായത്താല്‍ ആണ് സയന്‍സ് അവതരിപ്പിക്കുന്നത്.
ഗണിതഭാഷകൊണ്ട് വിശദീകരിക്കാന്‍ സാധ്യമല്ലാത്തത് സയന്‍സ് പൂര്‍ണ്ണമായും അംഗീകരിക്കുന്നില്ല. സയന്‍സിന്റെ ഭാഷയാണ് ഗണിതം. എന്നാല്‍ ഗണിതഭാഷ എന്നത് ഒരു റിപ്രസെന്റേഷന്‍ അഥവാ മാതൃക മാത്രമാണ്. ഹിമാലയത്തിന്റെ ചിത്രം ഒരിക്കലും ഹിമാലയമാകില്ല, ഒരു ധാരണ മാത്രമേ അത് നല്കൂ. ആ ധാരണയെ അടിസ്ഥാനമാക്കി യുക്തിയെ അവലംബിച്ച് നിഗമനത്തില്‍ എത്തുവാനേ ഗണിതം കൊണ്ട് കഴിയൂ. മനുഷ്യയുക്തിയുടെ എല്ലാ പരിമിതികളും ഗണിതത്തിനും ബാധകമെന്ന് ചുരുക്കം.
ഇവിടെ ശ്രദ്ധേയമായ ഒരു കാര്യമെന്തെന്നാല്‍ സയന്‍സ് വിശദീകരിക്കുന്നത് അറിയപ്പെടുന്ന വിഷയങ്ങള്‍ അഥവാ ദൃശ്യങ്ങളെയാണ് എന്നുള്ളതാണ്. അറിയുന്നവനെയോ അറിവിനെയോ സയന്‍സിനു വിഷയമാക്കാന്‍ സാധിക്കുന്നില്ല.
മനുഷ്യന്‍ എന്നത് ഒരു ബഹുകോശജീവിയല്ലേ? ആ ജീവിയുടെ മസ്തിഷ്‌കപ്രവര്‍ത്തനം ഉള്‍പ്പെടെ എല്ലാം സയന്‍സിനു വിഷയവുമല്ലേ? പിന്നെങ്ങനെ അറിയുന്നവന്‍ വിഷയമല്ലാതെയാകും? ഏതൊരു വിഷയവും ഇന്ദ്രിയങ്ങളാല്‍ അറിയപ്പെടുകയും ബുദ്ധിയാല്‍ നിശ്ചയിക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്നതില്‍ തര്‍ക്കമില്ലല്ലോ. ജഡവസ്തുവായ മനുഷ്യമസ്തിഷ്‌കത്തെക്കുറിച്ചുള്ള അറിവുപോലും നിശ്ചയിക്കുന്നത് ജീവനുള്ള, ബുദ്ധിയുള്ള മനുഷ്യനാണ്. ഏറ്റവും സങ്കീര്‍ണ്ണമായ ഉപകരണത്തില്‍ നിന്നും ലഭിക്കുന്ന വിവരം പോലും മനുഷ്യന്റെ അറിവിന് വിഷയമായെങ്കിലെ അതിനു പ്രയോജനമുള്ളൂ. അറിയുന്നവനും അറിയപ്പെടുന്നതും ഭിന്നമാണെങ്കിലേ അളക്കുവാന്‍ കഴിയൂ എന്നതിനാല്‍ പ്രത്യക്ഷമായോ പരോക്ഷമായോ മനുഷ്യന് ‘തന്നെ’ അറിയുവാന്‍ കഴിയുന്നില്ല. അതിനാല്‍ മനുഷ്യന്‍ അറിയുന്നത് തന്റെ മസ്തിഷ്‌കത്തെ മാത്രമാണ്, ‘തന്നെ’യല്ല. അതുകൊണ്ട് സയന്‍സ് മോശമാകുന്നില്ല.
ഭൗതികമായ വസ്തുക്കളെയും പ്രതിഭാസങ്ങളേയും സയന്‍സ് അതിന്റേതായ മാര്‍ഗ്ഗത്തില്‍ അതിന്റെ ഭാഷയില്‍ വിശദീകരിക്കുന്നു. എന്നാല്‍ ആ വിശദീകരണങ്ങള്‍ കേവലമല്ല, ആപേക്ഷികമാണ് എന്ന് ആപേക്ഷികതാസിദ്ധാന്തവും ക്വാണ്ടം ഭൗതികവും സമ്മതിക്കുന്നു. സയന്‍സിന് ഈ കാണപ്പെട്ട പ്രപഞ്ചത്തിനോ അല്ലാതെയോ ഉള്ള ഒരു കേവലസത്തയെ കാണുവാന്‍ കഴിയുന്നില്ല. ഉദാഹരണമായി നമ്മള്‍ ഒരു സയന്റിസ്റ്റിനോട് ആറ്റം ഉണ്ടോ എന്ന് ചോദിക്കുക. അയാള്‍ പറയും ഉണ്ട് എന്ന്. എവിടെ എന്ന് ചോദിച്ചാല്‍ കൃത്യമായ ഒരു സ്ഥലം പറയാന്‍ ആവില്ല, അത് കാണപ്പെടുന്ന സ്ഥലത്തിന്റെ സാധ്യതകള്‍ പറയാം എന്ന് പറയും. അനിശ്ചിതത്വം ആറ്റത്തെ ഉലച്ചുകൊണ്ടേയിരിക്കുന്നു.
തുടരും – ഭാഗം 3: ആറ്റം എന്നത് ഒരു സാങ്കല്പിക നാമം
















