കണ്ണൂര്‍: അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമുയരുന്നതിനിടെ മുഖ്യമന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് ദുരുദ്ദേശപരമാണെന്ന് പറഞ്ഞ് ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് ഭാരവാഹികള്‍ രംഗത്ത്. ഓരോ ദിവസം കഴിയുന്തോറും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ തെളിവുകള്‍ സിഡികളുടെ രൂപത്തിലും മറ്റുമായി പുറത്ത് വന്ന് കൊണ്ടിരിക്കുമ്പോഴാണ് മുഖ്യമന്ത്രിക്കും, മന്ത്രിക്കും അനുകൂലമായി ലോയേഴ്‌സ് കോണ്‍ഗ്രസ്സ് പ്രസ്താവനയുമായെത്തിയത്. ഇത്തരത്തിലാണെങ്കില്‍ കഴിഞ്ഞ ദിവസം സീതയെ കാട്ടിലയച്ച ശ്രീരാമനെതിരെ ഒരു വ്യക്തിഫയല്‍ ചെയ്ത അന്യായം തൃശ്ശൂര്‍ വിജിലന്‍സ് കോടതിക്ക് മുമ്പിലെത്തിയാല്‍ കോടതി അതിനും കേസെടുക്കാന്‍ പറയുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. നിയമവ്യവസ്ഥകള്‍ സംബന്ധിച്ചുള്ള സുപ്രീംകോടതി ഉത്തരവുകളും മാര്‍ഗനിര്‍ദ്ദേശങ്ങളും പ്രകാരം ക്രിമിനല്‍ കുറ്റം സംബന്ധിച്ച് പരാതി ലഭിച്ചാല്‍ പ്രാഥമിക പരിശോധന നടത്തി കുറ്റം വെളിപ്പെടുന്നുണ്ടെങ്കില്‍ മാത്രം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ഇവിടെ ഒരു സ്വകാര്യ വ്യക്തി മുഖ്യമന്ത്രിക്കും മന്ത്രിക്കുമെതിരെ കേസ് ഫയല്‍ ചെയ്ത പരാതിയുടെ സത്യാവസ്ഥ ജഡ്ജി പരിശോധിച്ചിട്ടില്ലെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ് ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ അഡ്വ.പി.പ്രഭാകരന്‍, അഡ്വ.പി.വി.ഷാജി, അഡ്വ.എം.എം.മുനവര്‍ എന്നിവര്‍ പങ്കെടുത്തു.
















