തളിപ്പറമ്പ്: മഴൂരില്‍ സംഘപരിവാര്‍ സംഘടനകളുടെ പതാകകള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിക്കുന്നത് തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ 9 തവണ ബിജെപി അടക്കമുള്ള വിവിധ സംഘപരിവാര്‍ സംഘടനകളുടെ പതാകകള്‍ ഇവിടെ നശിപ്പിക്കപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം പോലീസിന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം ചേരുകയും സര്‍വ്വകക്ഷി സമാധാന കമ്മറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. ഈ യോഗത്തില്‍ ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശമുയരുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം കാറ്റില്‍പ്പറത്തി മഴൂരില്‍ രണ്ട് ദിവസം മുമ്പ് ബിജെപി ഓഫീസിന് മുന്നില്‍ സ്ഥാപിച്ച പതാകകള്‍ നശിപ്പിക്കപ്പെടുകയായിരുന്നു. പോലീസിന്റെ നേതൃത്വത്തില്‍ സമാധാന കമ്മറ്റി യോഗം ചേര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് വീണ്ടും പതാകകള്‍ നശിപ്പിക്കപ്പെട്ടത്. ഈ മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ചിലരുടെ നീക്കമാണ് ഇതിന് പിന്നിലെന്ന് സംശയിക്കപ്പെടുന്നു. പോലീസാകട്ടെ അക്രമികളെ കണ്ടെത്താനും കര്‍ശന നടപടി സ്വീകരിക്കാനും തയ്യാറാവുന്നില്ലെന്നും പരാതിയുണ്ട്. സംഭവത്തില്‍ മഴൂര്‍ ബൂത്ത് കമ്മറ്റി പ്രതിഷേധിച്ചു. സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യദ്രോഹികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എന്‍.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
















