ഭക്തിക്ക് ഒരു വലിയ മെച്ചമുണ്ട് അതാകുന്നു നമുക്കു മഹത്തായ ദിവ്യലക്ഷ്യത്തില്‍ എത്തിച്ചേരുവാന്‍ ഏറ്റവും എളുപ്പവും സ്വാഭാവികമായ മാര്‍ഗ്ഗം അതിനൊരു വലിയ ന്യൂനതയുമുണ്ട്; താണ പടികളില്‍ അത് ദുഷിച്ച് പലപ്പോഴും ബീഭത്സമായ മതഭ്രാന്തായിത്തീരാം. നിശ്ചയമായും സ്വന്തം ഇഷ്ടദേവതയില്‍ നിഷ്ഠയുണ്ടായിരിക്കണം, അതില്ലാതെ യഥാര്‍ത്ഥഭക്തി വളരില്ല. എന്നാല്‍ ആ നിഷ്ഠ പലപ്പോഴും മറ്റു സര്‍വ്വത്തേയും നിന്ദിച്ചു തള്ളുവാന്‍ കാരണമാകുന്നുണ്ട്.
മനസ്സിനു ബലവും വികാസവും കുറഞ്ഞ ഭക്തന്മാര്‍ക്ക്, ഏതു മതക്കാരായാലും, തങ്ങളുടെ ഇഷ്ടദേവതയെ സ്‌നേഹിപ്പാന്‍ ഒരു മാര്‍ഗ്ഗമേ ഉള്ളു അന്യദേവതകളെ വെറുക്കുകതന്നെ. സ്വന്തം ഇഷ്ടദേവതയില്‍ അതിഭക്തിയും സ്വധര്‍മ്മത്തില്‍ അതിനിഷ്ഠയുമുള്ള ഒരാള്‍ തന്നെ അന്യദേവതയെപ്പറ്റി വല്ലതും കാണുകയോ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ പെട്ടെന്നു വെറിയെടുത്തലറുന്ന മതഭ്രാന്തനാകുന്നതിനു കാരണം മുന്‍പറഞ്ഞതില്‍നിന്നു വെളിവാകും. ആ വിധമുള്ള ഭക്തി, നായക്കു തന്റെ യജമാനന്റെ സ്വത്തിനെ അന്യന്‍ കയ്യേറാതെ തടഞ്ഞു കാക്കുവാനുള്ള സഹജവാസനയോടു ഏതാണ്ട് സമമാണ്: എന്നാല്‍ ഒരു വ്യത്യാസമുണ്ട്.
ശ്വാവിന്റെ സഹജവാസന മതഭ്രാന്തന്റെ ബുദ്ധിയേക്കാള്‍ മീതെയാണ്. എങ്ങനെയെന്നാല്‍, യജമാനന്‍ ഏതു വേഷത്തില്‍ മുമ്പില്‍ വന്നാലും അത് ഒരു ശത്രുവാണെന്ന് നായ് തെറ്റിദ്ധരിക്കില്ല. മതഭ്രാന്തനു വിവേചന ശക്തി തീരെയില്ലാതാകുന്നു. ഒരു സംഗതിയെപ്പറ്റി, അതു ശരിയോ തെറ്റോ എന്നല്ല നോക്കുക, അതു പറയുന്ന ആള്‍ ആര് എന്നറിവാനാണ് അയാള്‍ക്കെപ്പോഴും ശ്രദ്ധ.
വ്യക്തിയെക്കുറിച്ചുള്ള താല്പര്യത്തില്‍ അയാളുടെ മറ്റു ഗുണദോഷവിചാരമെല്ലാം മുങ്ങിപ്പോകുന്നു. സ്വമതസ്ഥരെ സംബന്ധിച്ച് ദയയും നന്മയും സത്യസന്ധതയും സ്‌നേഹവുമുള്ള മതഭ്രാന്തന്‍തന്നെ ആ മതസാഹോദര്യത്തിന്റെ അതിര്‍ത്തിക്കു പുറമേയുള്ളവര്‍ക്ക് എതിരായിട്ടാണെങ്കില്‍ അത്യന്തം നികൃഷ്ടമായ കര്‍മ്മങ്ങള്‍ ചെയ്യാനും മടിക്കില്ല.
















