കൊച്ചി: മാസങ്ങള്‍മുമ്പ് പാലക്കാട്ടും കഴിഞ്ഞ ദിവസം കൊച്ചിയിലും അനധികൃത ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തുനിന്ന് ഭീകരര്‍ അന്താരാഷ്‌ട്ര ബന്ധം സ്ഥാപിച്ചിരുന്നോ എന്ന പരിശോധന ശക്തമാക്കി. ടെലികോം എന്‍ഫോഴ്‌സ്‌മെന്റ് വ്യാഴാഴ്ച എറണാകുളം കടവന്ത്രയില്‍ കണ്ടെത്തിയ നിയമവിരുദ്ധ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് വിദേശ ഫോണ്‍വിളികള്‍ക്കാണ് വിനിയോഗിച്ചിരുന്നത്. രണ്ടു മാസം മുമ്പ് പാലക്കാട് നെന്മാറയില്‍നിന്നാണ് സമാനമായ രഹസ്യ സംവിധാനം കണ്ടുപിടിച്ചത്. നൗഷാദ്, മുഹമ്മദ് നിസാര്‍, സബീല്‍ എന്നിവരാണ് ഇടപാടുകള്‍ക്കു പിന്നില്‍.
അന്താരാഷ്‌ട്ര ഫോണ്‍ വിളികള്‍ നടത്തുന്ന സംവിധാനമാണ് ഇവര്‍ ദുര്‍വിനിയോഗം ചെയ്തത്. ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യയാണ് വിനിയോഗിച്ചത്. ഇവര്‍ ഉപയോഗിച്ചിരുന്ന 400 സിം കാര്‍ഡുകള്‍ കണ്ടെത്തി. നാലു പ്രധാന മൊബൈല്‍ കമ്പനികളുടെയും കാര്‍ഡുകള്‍ ഇതിലുണ്ട്. പ്രതികള്‍ പശ്ചിമേഷ്യയിലെവിടെയോ ഇരുന്നാണ് തട്ടിപ്പു നടത്തുന്നത്. അവര്‍ക്ക് കൊച്ചി കടവന്ത്രയില്‍ ഓഫീസ് മാത്രമാണുള്ളത്. സര്‍ക്കാരിനു വരുമാന നഷ്ടം ഉണ്ടാക്കുന്നതു മാത്രമല്ല, രാജ്യസുരക്ഷയെ ബാധിക്കുന്ന ഇടപാടുകളും ഈ സംവിധാനത്തിലൂടെ ഉണ്ടായിട്ടുണ്ടെന്നു സംശയിക്കുന്നുവെന്ന് ടെലികോം എന്‍ഫോഴ്‌സ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ രഘുനന്ദന്‍ പറഞ്ഞു. ഇന്റലിജന്‍സ് ഏജന്‍സികളും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഈ വ്യാജ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തിയും പരപ്പും നീരീക്ഷിച്ചുവരികയാണ്.















