കുന്നത്തൂര്‍: ശാസ്താംകോട്ട തടാകതീരത്തും അതിനോട് ചേര്‍ന്ന ക്ഷേത്രവസ്തുവിലും അടിക്കടിയുണ്ടാകുന്ന തീപിടുത്തത്തിന് പിന്നില്‍ ക്ഷേത്രഭൂമി കൈയേറിയവരാണെന്ന് സൂചന. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ പത്ത് തവണയാണ് ക്ഷേത്രഭൂമി ഉള്‍പ്പടെ തടാകതീരത്ത് അഗ്നിബാധയുണ്ടായത്.
ശാസ്താംകോട്ട ദേവസ്വം ബോര്‍ഡിന്റെ സ്ഥലം കൈയേറി ചില സ്വകാര്യവ്യക്തികള്‍ കടകളും മറ്റും നിര്‍മ്മിച്ചിരിക്കുകയാണ്. മിക്ക കെട്ടിടങ്ങളും പഞ്ചായത്തിന്റെ അനുമതി പോലുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ക്ഷേത്രത്തിന്റെ ആറാട്ട് കടവിലെ ഒരുഭാഗം പൂര്‍ണമായും കൈയേറി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചുകഴിഞ്ഞു. അടിക്കടി തീപിടുത്തം സൃഷ്ടിച്ച് സ്ഥലം കൈയേറാനാണ് ഇവരുടെ പദ്ധതിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായാണ് സൂചന. കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ തീപിടുത്തത്തില്‍ പൂങ്കാവനത്തിലെ നിരവധി മരങ്ങള്‍ നശിച്ചിരുന്നു.
പൂങ്കാവനത്തിന്റെ നാശം ക്ഷേത്രത്തിലെ വാനരന്‍മാരുടെ നിലനില്‍പ്പിനെയും ബാധിച്ചിരിക്കുകയാണ്. അഗ്നിബാധയില്‍ ഉണങ്ങുന്ന മരങ്ങള്‍ പിന്നീട് ആരും അറിയാതെ കൈയേറ്റക്കാര്‍ മുറിച്ച് കടത്തുകയാണ് പതിവ്. ഇത്തരത്തില്‍ നാല് മാസം മുമ്പ് ദേവസ്വം ഭൂമിയിലെ ലക്ഷങ്ങള്‍ വിലമതിക്കുന്ന അക്കോഷ്യമരങ്ങള്‍ സ്വകാര്യവ്യക്തി മുറിച്ചുകടത്താന്‍ ശ്രമിച്ചത് ഭക്തര്‍ തടയുകയും തുടര്‍ന്ന് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
അടിക്കടിയുണ്ടാകുന്ന തീപിടുത്തം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രോപദേശക സമിതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുകയാണ്.
















