ചവറ: ബിജെഎം ഗവണ്‍മെന്റ് കോളജ് കോമ്പൗണ്ടിന്റെ തെക്കേ അറ്റത്തുകൂടി അനേക വര്‍ഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പൊതുവഴി സ്ഥിരമായി അടയ്‌ക്കാനുള്ള പിടിഎ തീരുമാനം പിന്‍വലിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു കൃഷ്ണകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം ജി. ജയശ്രീ, സമിതി കണ്‍വീനര്‍ ചവറ സുരേന്ദ്രന്‍പിള്ള എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കോളജിന് കിഴക്കുഭാഗത്തുള്ള 50-ഓളം വീട്ടുകാരും തോട്ടിനുവടക്ക് വാര്‍ഡിലെ ഭൂരിപക്ഷം പേരും തലമുറകളായി ഗതാഗതം ചെയ്തുകൊണ്ടിരിക്കുന്ന പൊതുവഴിയാണ് ഇപ്പോള്‍ അടയ്‌ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ചവറ ഗവ.ഗേള്‍സ് ഹൈസ്‌കൂളിന്റെ പ്ലേ ഗ്രൗണ്ടിനായി 1865-ല്‍ അക്വയര്‍ ചെയ്ത സ്ഥലമാണ് സ്‌കൂളിന്റെ മറ്റു സ്ഥലത്തോടും കെട്ടിടങ്ങളോടുമൊപ്പം ഗവണ്‍മെന്റ് കോളജിനു വിട്ടുകൊടുത്തത്.
1981-ല്‍ കോളജ് സ്ഥാപിക്കുന്നതിനു മുമ്പ് ദേശീയപാതയില്‍ നിന്നും കിഴക്കോട്ട് ഗതാഗതം ചെയ്യാനായി മൂന്നു വഴികള്‍ ഉണ്ടായിരുന്നു. കോളജ് ആരംഭിച്ച ശേഷം 1992- ജില്ലാ കൗണ്‍സിലിന്റെ ഫണ്ട് ഉപയോഗിച്ചാണ് ആദ്യ കെട്ടിടം നിര്‍മിച്ചത്. തുടര്‍ന്ന് 2002-ലാണു ദേശീയപാതയോടു ചേര്‍ന്നുള്ള ഭാഗത്ത് ചുറ്റുമതില്‍ കെട്ടിയത്. ഈ അവസരത്തില്‍ വഴി കോമ്പൗണ്ടിനു തെക്കേഅറ്റത്തുകൂടിയായി. അന്നുമുതല്‍ അഞ്ചുമീറ്റര്‍ വീതിയിലുള്ള ഈ പൊതുവഴിയിലൂടെ നാട്ടുകാര്‍ ഗതാഗതം ചെയ്തു വരികയുമാണ്. വഴിനിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു സമീപവാസികളായ വള്ളേലില്‍തെക്കതില്‍ സുരേന്ദ്രന്‍പിള്ള, വള്ളോലില്‍ പുളിമൂട്ടില്‍ ഡി. രമാദേവി, ഡാനിഷ്, പുളിമൂട്ടില്‍തറയില്‍ ആര്‍.അജിത്കുമാര്‍, ശ്രീഹരിയില്‍ മായാദേവിയമ്മ എന്നിവര്‍ കരുനാഗപ്പള്ളി മുനിസിഫ് കോടതിയില്‍ അഡ്വ. രാജീവ് രാജധാനി മുഖേന ഹര്‍ജികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. മറ്റൊരു ഹര്‍ജി ആര്‍ഡിഒക്കും നല്‍കിയിട്ടുണ്ട്. കോടതി നിര്‍ദേശിച്ച കമ്മിഷന്‍ സ്ഥലം സന്ദര്‍ശിച്ചു തെളിവെടുത്തിരുന്നു.
















