കൊട്ടാരക്കര: സോളാര്‍ കേസ് സിബിഐ അന്വേഷിച്ചാല്‍ മാത്രമെ സത്യം പുറത്ത് വരുവെന്നും സരിത കമ്മീഷനു മുന്നില്‍ പറഞ്ഞത് സത്യമാണന്നും മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു. വാളകത്തെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സരിതയുടെ കത്തില്‍ ഈ വിവരങ്ങള്‍ എല്ലാമുണ്ട്. തന്റെ കൈയ്യില്‍ കത്ത് നാലുമണിക്കൂര്‍ ഉണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയും ആര്യാടനും മാത്രമല്ല മറ്റ് ചിലമന്ത്രിമാരുടെ പേരും അതിലുണ്ട്. കൂടുതലും പുറത്ത് പറയാന്‍ വയ്യാത്ത അശ്ലീലമാണ്. തന്നോട് കമ്മീഷനോ അഭിഭാഷകരോ ചോദിച്ചിരുന്നെങ്കില്‍ സരിതയുടെ വെളിപ്പെടുത്തലിന് മുന്നേ അശ്ലീലം ഒഴിച്ചുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയേനെ. ഇനിയും കൂടുതല്‍ വ്യക്തതക്ക് വേണ്ടി വിളിക്കുകയാണങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയും. ഉമ്മന്‍ചാണ്ടിയും കുടുംബവുമായി സരിതക്ക് അടുത്ത ബന്ധമുണ്ട്. പല തവണ ഇവരുടെ വീട്ടില്‍ സരിത പോയിട്ടുണ്ട്. 30 പേജില്‍ അധികമുള്ള ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയ കത്തില്‍ ഇതെല്ലാമുണ്ട്. സാമ്പത്തിക ഇടപാടിന്റെ തുകയുടെ കാര്യത്തിലെ സംശയമുള്ളൂ. ബെന്നിബഹന്നാനും തമ്പാനൂര്‍ രവിയും ഇടപെട്ടതായും കത്തില്‍ ഉണ്ട്. ഡല്‍ഹിവരെ വ്യാപിച്ച കേസായതുകൊണ്ടും ഉന്നതര്‍ ഉള്‍പ്പെട്ടതുകൊണ്ടും ശങ്കര്‍റെഡ്ഡിയും കേരളാപോലീസും അന്വേഷിച്ചാല്‍ സത്യം പുറത്ത് വരില്ല. അതുകൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. എന്തുവന്നാലും മുഖ്യമന്ത്രി രാജിവെക്കില്ലന്ന് തനിക്ക് ബോധ്യമുണ്ട്. തന്റെയും ഗണേശന്റേയും കുഞ്ഞാലികുട്ടിയുടേയും മാണിയുടേയും രാജി ഗവര്‍ണറുടെ കൈയ്യില്‍ എത്തിക്കാന്‍ അഞ്ച് മിനിട്ട് പോലും വേണ്ടാത്ത ഉമ്മന്‍ചാണ്ടി അഞ്ച് ദിവസമായി ബാബുവിന്റെ രാജി പോക്കറ്റില്‍ കൊണ്ട് നടക്കുകയാണ്. അനുകൂലവിധി വരുമെന്ന് ഉറപ്പുള്ളതുകൊണ്ടും ബാബുവിന്റെ രാജി സ്വീകരിച്ചാല്‍ പിന്നിലുള്ളവര്‍ കൂടി കുടുങ്ങും എന്ന് അറിയാവുന്നതുകൊണ്ടാണ്. എന്ത് വന്നാലും ആട്ടുകല്ലിന് കാറ്റ് പിടിച്ചതുപോലെയാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റം. കൈക്കൂലികേസില്‍ മുഖ്യമന്ത്രിയോട് പരാതി പറഞ്ഞാല്‍ പങ്ക് പറ്റുന്നവര്‍ എങ്ങനെ നടപടി എടുക്കുമെന്നും പിള്ള ചോദിച്ചു. ബാര്‍കേസ് പോലെയല്ല ഇത്. ഈ കേസില്‍ പോലീസിന് കോടതി നിര്‍ദ്ദേശമില്ലാതെ തന്നെ കേസെടുക്കാന്‍ കഴിയും. കോവൂര്‍ കുഞ്ഞുമോന്‍ പോയതുപോലെ ഒരുകക്ഷിതന്നെ ഉടന്‍ യുഡിഎഫ് വിടും. ആര്‍എസ്പി അടുത്ത നിയമസഭയില്‍ പൂജ്യരാകും, കോണ്‍ഗ്രസ് ഡല്‍ഹിയിലെ അവസ്ഥയിലും എത്തും. എല്‍ഡിഎഫ് ആവശ്യപ്പെട്ടാല്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കും. സീറ്റും മത്സരവുമല്ല തന്നെ ചതിച്ച ഉമ്മന്‍ചാണ്ടിയുടേയും യുഡിഎഫിന്റേയും പതനമാണ് ലക്ഷ്യമെന്നും പിള്ള പറഞ്ഞു.
















