പത്തനംതിട്ട: സംസ്ഥാന സ്കൂള്‍ കലോത്സവം സംസ്കൃത നാടകത്തില്‍ മികച്ചനടിയുമായി ജില്ലയ്ക്ക് നേട്ടം. ആദ്യമായി മികച്ച നടി പുരസ്ക്കാരം ജില്ലയിലെത്തിച്ചത് കോന്നി റിപ്പബ്ലിക്കന്‍ വിഎച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആര്യാപ്രമോദാണ്. സംസ്കൃത നാടകമായ ചിലപ്പതികാരത്തില് പ്രതികാരദാഹിയായ കര്‍ണ്ണകിയുടെ വേഷമിട്ടാണ് സംസ്ഥാനത്തെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത് മൂന്നാം തവണയാണ് ആര്യ നാടക മത്സരത്തില്‍ പങ്കെടുക്കുന്നത്. ഇത്തവണ മൂന്നാംസ്ഥാനവും നേടിയ നാടകത്തിന്റെ സംവിധാനം നിര്‍മ്മിച്ചത് കൊടുമണ്‍ ഗോപാലകൃഷ്ണനാണ്. കോന്നി വരുവാതിയില് പ്രമോദിന്റേയും സുജാതയുടേയും മകളാണ് ആര്യ.
മൂന്നാം നൂറ്റാണ്ടിലെ ജീവിതത്തിന്റെ യഥാര്‍ത്ഥ ചിത്രമായ ചിലപ്പതികാരം എന്ന ഇതിഹാസം സംസ്കൃതത്തില്‍ പുനരാവിഷ്ക്കാരം ചെയ്യുകയാണ് റിപ്പബ്ലിക്കന്‍ സ്കൂളിലെ സംസ്കൃത വിദ്യാര്‍ത്ഥികള്‍. ആറാംതവണയാണ് ഇവര്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നത്. ആശ്ചര്യചൂഡാമണി, മൃശ്ചഘടികം, പാഞ്ചാലികാകൂത്ത് എന്നീ നാടകങ്ങള്‍ സംസ്ഥാന വേദികളില്‍ അവതരിപ്പിച്ച് മുന്‍വര്‍ഷങ്ങളിലും ഇവര്‍ വിജയം കൈവരിച്ചിരുന്നു. അഞ്ചുമാസത്തോളം നീണ്ടുനിന്ന തയ്യാറെടുപ്പുകളാണ് കര്‍ണ്ണകിയുടെ ജീവിതം രംഗത്ത് അവതരിപ്പിക്കാന്‍ വേണ്ടിവന്നത്. കോവലന്റെ ദാരുണമായ അന്ത്യത്തിന് ശേഷം മഥുരാധിപന്റെ മുമ്പില്‍ കോപാഗ്നിയായി സ്വന്തം മാറ് പറിച്ചെറിഞ്ഞ് നഗരത്തെ അഗ്നിക്കിരയാക്കിയ കര്‍ണ്ണകിയുടെ അവതരണത്തിലൂടെയാണ് ആര്യ മികച്ച നടിയായത്. സമകാലിക , സാമൂഹിക ജീവിതത്തിലേക്കുള്ള ഒരു കണ്ണാടിയായിമാറി ചിലപ്പതികാരത്തിന്റെ അവതരണം. ടീച്ചര്‍ കെ.എസ്.ലീനയുടെ നേതൃത്വത്തിലായിരുന്നു നാടക പരിശീലനം. അരവിന്ദ് കൃഷ്ണന്, ഗോകുല്‍ദാസ്, പാര്‍വ്വതി അജി, ആര്യാപ്രമോദ്, ആതിര.പി, ഗ്രീഷ്മ, നന്ദന, ജ്യോതി, അശ്വതി എം.നായര്‍, ഭാഗ്യലക്ഷ്മി, ആര്‍ച്ച എസ്.നായര്‍, എന്നിവര്‍ നാടകത്തില്‍ വേഷമിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: