അഴിമതിയുടെ അടയാളമായ, കേരളത്തിന്റെ മുഖത്ത് കരിവാരിതേച്ചിരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കോ അദ്ദേഹം നയിക്കുന്ന യുഡിഎഫ് സര്‍ക്കാരിനോ ഭരണത്തില്‍ തുടരാന്‍ യാതൊരു അര്‍ഹതയുമില്ലെന്നാണ് സോളാര്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളും അവിഹിതവും എല്ലാം തെൡയിക്കുന്നത്. കോഴ ആരോപണത്തില്‍ ധനമന്ത്രിയായിരുന്ന കെ.എം. മാണി കോടതി ഉത്തരവിനു ശേഷവും മന്ത്രി കെ. ബാബു വിജിലന്‍സ്‌കോടതി നിരീക്ഷണത്തെത്തുടര്‍ന്നും രാജിവെക്കുകയുണ്ടായി.
രണ്ട് സാഹചര്യത്തിലും മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം ഉയര്‍ന്നതാണ്. എന്നാല്‍ മാണിയക്കാളും ബാബുവിനെക്കാളും തൊലിക്കട്ടിയുണ്ടെന്ന് തെൡയിച്ച് ഉമ്മന്‍ചാണ്ടി ഈ ആവശ്യം നിരസിക്കുകയായിരുന്നു. എന്നാലിപ്പോള്‍ സോളാര്‍ കേസിലെ മുഖ്യപ്രതിയായ സരിതാ എസ്. നായരുടെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി അനിവാര്യമാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് താന്‍ ഒരു കോടി 90 ലക്ഷം രൂപ ദല്‍ഹിയില്‍വെച്ചും തിരുവനന്തപുരത്തുവെച്ചും വിശ്വസ്തനായ തോമസ് കുരുവിള വഴി കൊടുത്തുവെന്നാണ് സരിതയുടെ വെൡപ്പെടുത്തല്‍.
മുഖ്യമന്ത്രിക്ക് മാത്രമല്ല, മന്ത്രി ആര്യാടന്‍ മുഹമ്മദിനും 25 ലക്ഷം രൂപ അദ്ദേഹത്തിന്റെ പിഎ കേശവന്റെ കയ്യില്‍ കൊടുത്തുവെന്നും സരിത വെളിപ്പെടുത്തിയിരിക്കുന്നു. അതേസമയം, കേശവന്‍ ഇത് നിഷേധിക്കുകയാണ്. സരിത ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ രണ്ടുലക്ഷം രൂപയുടെ ചെക്ക് പോലും മടങ്ങിയ സാഹചര്യത്തില്‍ ഒരു കോടി 90 ലക്ഷം തനിക്ക് തന്നു എന്നുപറഞ്ഞാല്‍ ആരു വിശ്വസിക്കുമെന്ന് ചോദിച്ചാണ് മുഖ്യമന്ത്രി ആരോപണത്തെ പ്രതിരോധിക്കുന്നത്. സരിതമൂലം ഖജനാവിന് ഒരു രൂപയുടെ നഷ്ടമോ ഒരു രൂപയുടെ ലാഭമോ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
കേരളത്തില്‍ ഇന്നേവരെ ഒരു മുഖ്യമന്ത്രിക്കും നേരിടേണ്ടിവരാത്ത സ്മാര്‍ത്തവിചാരം ഉമ്മന്‍ചാണ്ടിക്ക് നേരിടേണ്ടിവന്നു. സോളാര്‍ കമ്മീഷന്റെ ചോദ്യംചെയ്യലിന് നീണ്ട 14 മണിക്കൂറാണ് ഉമ്മന്‍ചാണ്ടിക്ക് മറുപടി പറയേണ്ടിവന്നത് എന്നതുതന്നെ േകരളത്തിന് അപമാനകരമാണ്. സരിതയുമായി മുഖ്യമന്ത്രിക്കുള്ള അവിഹിതബന്ധത്തിന്റെ തെളിവായി തന്റെ കയ്യില്‍ സിഡിയുണ്ടെന്ന് അവകാശപ്പെട്ട ബിജു രാധാകൃഷ്ണന്‍ ഒരു ദിവസം മുഴുവന്‍ കേരളത്തെ ചാനലുകളുടെ മുമ്പില്‍ തളച്ചിടുകയുണ്ടായി. എന്നാല്‍ ചെന്നൈവരെ പോയി അന്വേഷിച്ചിട്ടും സിഡി കണ്ടെത്താനായില്ല. കാസറ്റ് മാറ്റിയതിന്റെ പിന്നിലും ഉമ്മന്‍ചാണ്ടിയുടെ കള്ളക്കളിയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
കോഴ ഇന്ന് യുഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്രയാണ്. ബാര്‍ കോഴക്കേസില്‍ കോടികളുടെ കോഴപ്പണം അന്ന് ധനമന്ത്രിയായിരുന്ന കെ.എം. മാണിക്ക് ബാറുകള്‍ പൂട്ടാതിരിക്കാന്‍ ബാര്‍ ഉടമകള്‍ കൈക്കൂലിയായി നല്‍കി എന്ന ആരോപണം ബാര്‍ അസോസിയേഷന്‍ വൈസ്പ്രസിഡന്റ് ബിജു രമേശ് ഉയര്‍ത്തുകയുണ്ടായി. വീട്ടിലും ഓഫീസിലുമായിട്ട് ഈ പണം കൈമാറിയെന്നാണ് പറയപ്പെടുന്നത്. സോളാര്‍ അഴിമതിക്കാര്യത്തില്‍ വ്യക്തമായ ഒരു കൂട്ടുകട്ട് സരിതയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മിലുണ്ടെന്നാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. ബാബു കോഴ വാങ്ങുന്നതിന്റെ പങ്കും ഉമ്മന്‍ചാണ്ടി കൈപ്പറ്റുന്നുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ബാബുവിന്റെ രാജിക്കത്ത് കൈപ്പറ്റിയിട്ടും അത് അംഗീകരിക്കാതെ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതിന്റെ പിന്നില്‍ അഴിമതിക്കാര്യത്തില്‍ ഇരുവരും ഏകോദര സഹോദരന്മാരാണെന്ന സംശയം ബലപ്പെടുത്തിയിട്ടുണ്ട്.
സരിതയെ താന്‍ കണ്ടതായിപ്പോലും ഓര്‍ക്കുന്നില്ലെന്നായിരുന്നു സോളാര്‍ കമ്മീഷന് മുമ്പില്‍ മുഖ്യന്റെ നിലപാട്. കേരളത്തില്‍ ഇന്നേവരെ ഒരു മുഖ്യമന്ത്രിക്കും ഇത്ര പരിഹാസ്യമായ ഒരു സംഭവത്തില്‍ വിചാരണ നേരിടേണ്ടിവന്നിട്ടില്ല. കൈക്കൂലിക്കേസില്‍ പല മന്ത്രിമാരും ആരോപണവിധേയരായിട്ടുണ്ട്. പക്ഷെ സോളാര്‍ കേസ് പോലെ ഒരു കേസില്‍ ഒരു മന്ത്രിസഭാ തലവന്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്നത് കേരളജനതക്ക് അപമാനകരമാണ്. മാത്രമല്ല, രാഷ്‌ട്രീയനേതാക്കള്‍ പുതിയ തലമുറക്ക് റോള്‍മോഡലാകേണ്ടവരാണ്. ഈ ‘റോള്‍ മോഡല്‍’അനുകരിക്കാന്‍ വരുംതലമുറ തയ്യാറാകാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭക്ക് തുടരാന്‍ യാതൊരു അവകാശവുമില്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ അഭിപ്രായം കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളുടേതുമാണ്.
2012 ഡിസംബര്‍ 28 ന് ദല്‍ഹിയില്‍വച്ചാണ് സരിത മുഖ്യമന്ത്രിക്കുള്ള പണം കൈമാറിയത്. ദല്‍ഹിയില്‍വച്ച് നടന്ന സംഭവമായതിനാല്‍ സിബിഐ കേസെടുത്ത് അന്വേഷിക്കണമെന്നും ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നുമുള്ള കുമ്മനത്തിന്റെ പ്രസ്താവന ജനങ്ങള്‍ സ്വാഗതംചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇനി ചെയ്യാവുന്നത് ഒരുനിമിഷംപോലും പാഴാക്കാതെ രാജിവെച്ച് പോവുക എന്നതാണ്. രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ ഗവര്‍ണര്‍ അദ്ദേഹത്തെ പുറത്താക്കുകതന്നെ വേണം.
















