ആലപ്പുഴ: രോഗിയുമായി എത്തിയ സംഘം ചെട്ടികാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരേയും ഹൗസ്‌സര്‍ജന്മാരേയും അസഭ്യം പറയുകയും കാഷ്യാലിറ്റി ലാബ് അടിച്ചു തകര്‍ക്കുകയും ചെയ്തു. ചില്ല് ചിതറി വീണ് രണ്ട് ഡോക്ടര്‍മാര്‍ക്ക് പരിക്കേറ്റു. 26ന് ഉച്ചയ്‌ക്കായിരുന്നു സംഭവം.
പൊള്ളേത്തൈ ഭാഗത്ത് നിന്നും രോഗിയുമായി എത്തിയവരായിരുന്നു ആശുപത്രിയില്‍ അഴിഞ്ഞാടിയത്. രോഗിയെ വിദഗ്ധ ചികിത്സയ്‌ക്കായി വണ്ടാനം മെഡിക്കല്‍ കോളജിലേയ്‌ക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞതാണ് രോഗിയുടെ കൂടെ വന്നവരെ പ്രകോപിപ്പിച്ചത്. ജീവനക്കാരെ അസഭ്യം പറഞ്ഞ പതിനേഴുകാരന്‍ കൈകൊണ്ട് ചില്ലിടിച്ച് തകര്‍ക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കല്‍ക്കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാര്‍ ഇന്നലെ അരമണിക്കൂര്‍ പണിമുടക്കി പ്രകടനം നടത്തി. ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും മതിയായ സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടു.
പ്രതിഷേധ യോഗം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജയന്‍തോമസ്, ഹെല്‍ത്ത് സൂപ്രവൈസര്‍ സദാനന്ദന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സാദിഖ് എന്നിവര്‍ പ്രസംഗിച്ചു.
















