കൊട്ടാരക്കര: വിശ്വഹിന്ദുപരിഷത്തിന്റെ കൊട്ടാരക്കര താലൂക്ക് കാര്യാലയമായ ഗണേശമന്ദിര്‍ പോലീസ് സ്റ്റേഷനു സമീപമുള്ള മന്ദിരത്തില്‍ പ്രവര്‍ത്തനം തുടങ്ങി. തിരുവനന്തപുരംവിഭാഗ് സെക്രട്ടറി പി.എം.രവികുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിഎച്ച്പിയുടെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാനും എല്ലാവിഭാഗം ജനങ്ങളുടേയും ആശ്രയകേന്ദ്രമായും കാര്യാലയം മാറുമെന്ന് അദ്ദേഹം പറഞ്ഞു. സംഘടിക്കുന്ന ഹിന്ദുശക്തികണ്ട് ഭയം പൂണ്ട മുന്നണികള്‍ കേരളത്തിലെ ഹിന്ദു ഉണര്‍വിനെ തകര്‍ക്കാന്‍ അപകടകരമായ ജാതികാര്‍ഡ് കളിക്കുകയാണ്. കേരളത്തിലെ പട്ടികജാതിസമൂഹം ഇത് തിരിച്ചറികഴിഞ്ഞു. കേരളപിറവിക്ക് ശേഷം പട്ടികജാതിക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യങ്ങളുടെ തുക കണക്കാക്കിയാല്‍ അവര്‍ക്ക് രമ്യഹര്‍മ്മ്യങ്ങളില്‍ അന്തിയുറങ്ങാന്‍ കഴിഞ്ഞേനെ. മുന്നണി ഭരണത്തിന്റെ 60 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ശവമടക്കാന്‍വേണ്ടി മതം മാറേണ്ട അവസ്ഥയിലാണിപ്പോള്‍ ഈ സമൂഹം. ഭൂമിയുടെ അവകാശികളായിരുന്നവര്‍ ഇന്ന് ഭൂമിക്ക് വേണ്ടി കുടില്‍കെട്ടി സമരം ചെയ്യുകയാണന്നും അദ്ദേഹം പറഞ്ഞു. പ്രഖണ്ഡ് രക്ഷാധികാരി രാജേന്ദ്രന്‍നായര്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാ നേതാക്കളായ ഇഞ്ചക്കാട് അജയകുമാര്‍, ശിവനപ്പന്‍നായര്‍,രാജന്‍മാഷ്,സുരേന്ദ്രബാബു,ജിതിന്‍ എസ്.ആര്‍ എന്നിവര്‍ സംസാരിച്ചു.
















