കൊട്ടാരക്കര: താലൂക്കില്‍ 67-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിനുള്ള ഒരുക്കങ്ങളായെന്ന് ആഘോഷസമിതി കണ്‍വീനര്‍ കൂടിയായ തഹസീല്‍ദാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നഗരത്തിലെ വിദ്യാലയങ്ങള്‍, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍, പോലീസ്, എന്‍സിസി, എസ്പിസി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, റെഡ്‌ക്രോസ് എന്നിവ പങ്കെടുക്കുന്ന ഘോഷയാത്ര 26ന് രാവിലെ ഒമ്പതിന് ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിക്കും. നാളെ വൈകിട്ട് നഗരത്തില്‍ വിളംബര ഘോഷയാത്ര നടത്തും. റിപ്പബ്ലിക് ദിനത്തില്‍ രാവിലെ എട്ടിന് അയിഷാപോറ്റി എംഎല്‍എ പതാക ഉയര്‍ത്തും. ഘോഷയാത്ര തഹസില്‍ദാര്‍ കെ.സോമസുന്ദരന്‍പിള്ള ഫഌഗ്ഓഫ് ചെയ്യും. 11.30ന് വ്യാപാരഭവനില്‍ ചേരുന്ന സമ്മേളനം മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷ ഗീതാസുധാകരന്‍ സമ്മാനദാനം നിര്‍വഹിക്കും. കമ്മിറ്റി ഭാരവാഹികളായ തഹസില്‍ദാര്‍ കെ.സോമസുന്ദരന്‍പിള്ള, മനക്കര രാധാകൃഷ്ണന്‍, ആര്‍.രാജശേഖരന്‍പിള്ള, പ്രശാന്ത് കാവുവിള, പെരുങ്കുളം സുരേഷ്, എ.ജസീം, നടരാജനാചാരി, കെ.മോഹനന്‍പിള്ള എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















