കുന്നത്തൂര്‍: നാടിന്റെ വിവിധ ഭാഗങ്ങളില്‍ മണ്ണെടുപ്പ് വ്യാപകമായിട്ടും അധികൃതര്‍ കണ്ണടയ്‌ക്കുകയാണ്. പോലീസ്-റവന്യൂ അധികൃതരുടെ നടപടി പേരിന് മാത്രമായി ചുരുങ്ങുന്നു. മുതുപിലാക്കാട്, പോരുവഴി, ചക്കുവള്ളി, നെടിയവിള എന്നിവിടങ്ങളിലാണ് വീട് വയ്‌ക്കാനെന്ന പേരില്‍ മണ്ണുകടത്തല്‍ വ്യാപകമായിരിക്കുന്നത്.
മണ്ണെടുക്കുന്ന വിവരമറിയിച്ചിട്ടും പോലീസിന്റെ ഭാഗത്ത് നിന്നും യാതൊരുവിധത്തിലുള്ള നടപടിയും ഉണ്ടാകുന്നില്ലെന്ന ആരോപണവും ശക്തമാണ്. മാഫിയകള്‍ മണ്ണ് മുഴുവന്‍ കടത്തിയതിന് ശേഷമായിരിക്കും പോലീസ് എത്തുക. രാഷ്‌ട്രീയക്കാരുടെ ഇടപെടലും മാഫിയകള്‍ക്ക് സഹായകരമാകുന്നു. പോലീസ് പിടികൂടുന്ന വാഹനങ്ങള്‍ ഒത്തുതീര്‍പ്പെന്ന വ്യവസ്ഥയില്‍ വിട്ടയയ്‌ക്കുന്നതും പതിവാണ്. മണ്ണെടുപ്പ് വ്യാപകമായെന്ന പത്രറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇന്നലെ പോലീസ്-റവന്യൂവകുപ്പുകള്‍ പ്രദേശത്ത് റെയ്ഡ് നടത്തിയിരുന്നു. കുന്നത്തൂരില്‍ നിന്നും മുതുപിലാക്കാട് നിന്നും ഓരോ ലോറികള്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഈ നടപടി പ്രഹസനമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
















