കൊല്ലം: എം.വി.ദേവനും കാനായിയും ജയപാലപ്പണിക്കരും ഉള്‍പ്പെടെയുള്ള ചിത്ര-ശില്‍പ്പകലാകാരന്മാരുടെ സര്‍ഗസൃഷ്ടികളാല്‍ സമ്പന്നമായ കൊല്ലം നഗരത്തില്‍ എത്തിയ സഞ്ചരിക്കുന്ന ചിത്രശാല പ്രയാണം കാഴ്ചയുടെ നവ്യാനുഭവമായി. സാംസ്‌ക്കാരിക കേന്ദ്രമായ കൊല്ലം പബ്ലിക് ലൈബ്രറി അങ്കണത്തിലാണ് കേരള ലളിതകലാ അക്കാദമി ഒരുക്കിയ സഞ്ചരിക്കുന്ന ചിത്രശാല പ്രദര്‍ശനം നടത്തിയത്. സഞ്ചരിക്കുന്ന ചിത്രശാല പ്രദര്‍ശനവും വര്‍ണോത്സവും മേയര്‍ വി.രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കേരള ലളിതകലാ അക്കാദമി സെക്രട്ടറി വൈക്കം എം.കെ.ഷിബു അദ്ധ്യക്ഷത വഹിച്ചു. ഡോ.ബി.എ.രാജാകൃഷ്ണന്‍, അക്കാദമി അംഗം ടി.ആര്‍.ഉദയകുമാര്‍, സന്തോഷ് ആശ്രാമം, കെ.വി.ജ്യോതിലാല്‍, കൃഷ്ണ ജനാര്‍ദ്ദന തുടങ്ങിയവര്‍ സംസാരിച്ചു. സഞ്ചരിക്കുന്ന ചിത്രശാല പ്രയാണത്തിന്റെ ഭാഗമായി ജില്ലയിലെ ചിത്രകാരന്മാരുടെ സംഗമമായ വര്‍ണോത്സവത്തില്‍ നിരവധി ചിത്രകാരന്മാര്‍ രചന നടത്തി. തത്സമയ ചിത്രരചന, ഡോക്യുമെന്ററി പ്രദര്‍ശനം, പുസ്തകപ്രദര്‍ശനം, പ്രഭാഷണങ്ങള്‍ തുടങ്ങിയ പരിപാടികളോടെയാണ് വര്‍ണോത്സവം നടന്നത്. ആര്‍ട്ട് ഗ്യാലറികള്‍ ഇല്ലാത്ത ഇടങ്ങളില്‍ ചിത്രകലാ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നതിനും ചിത്രകലയെ കൂടുതല്‍ ജനകീയമാക്കുന്നതിനും ലക്ഷ്യമിട്ട് കേരള ലളിതകലാ അക്കാദമിയാണ് ചിത്രശാല ഒരുക്കിയത്.
















