കൊച്ചി: ഗൗഡസാരസ്വത ബ്രാഹ്മണ സമൂഹത്തിന്റെ ആത്മീയഗുരുവും കാശി മഠാധിപതിയുമായ സമാധിയായ സ്വാമി സുധീന്ദ്രതീര്‍ഥ ഭാരതീയ സംസ്‌കാരത്തിന്റെ ആധ്യാത്മിക ചൈതന്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചിയിലെ തിരുമല ദേവസ്വം ആസ്ഥാനത്ത് സ്വാമി സുധീന്ദ്രതീര്‍ഥയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധ്യാത്മിക രംഗത്ത് മാത്രമല്ല, മാനവ സേവനത്തിലും സ്വാമി മാതൃകയായിരുന്നു. മലയാളികള്‍ക്ക് അഭിമാനകരമായ ഉജ്വല നക്ഷത്രമാണ് സ്വാമി. സ്വാമിയുടെ വേര്‍പാട് രാജ്യത്തിനും കേരളത്തിനും തീരാ നഷ്ടമാണെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
തിരുമല ദേവസ്വം ആസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രിയെ രങ്കദാസ പ്രഭു, ക്ഷേത്ര അധികാരികളായ ആര്‍. രാമനാരായണ പ്രഭു, ടി.ജി. രാജാറാം ഷേണായി, അഡ്വ. ലക്ഷ്മീനാരായണ പ്രഭു, വി. മനോഹര പ്രഭു, ടി.എം.വി. രാജേഷ് ഷേണായി, എന്‍. ഗോവിന്ദ കമ്മത്ത്, സി.ജി. രാജഗോപാല്‍, സതീശ് നായിക് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
മന്ത്രി കെ.ബാബു, എംഎല്‍എമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, കൗണ്‍സിലര്‍മാരായ സുധ ദിലീപ്കുമാര്‍, ദീപക് ജോയ്, ഗ്രേസി ബാബു ജേക്കബ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.















