കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെഎംഎ) മാനേജ്‌മെന്റ് ലീഡര്‍ഷിപ്പ് അവാര്‍ഡിന് കൊച്ചി കപ്പല്‍ നിര്‍മാണശാല മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കമഡോര്‍ കെ. സുബ്രഹ്മണ്യം അര്‍ഹനായി. കേരളത്തില്‍ മാനേജ്‌മെന്റ് തലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്‌ച്ച വെയ്‌ക്കുന്നവര്‍ക്ക് കെഎംഎ നല്‍കുന്ന വാര്‍ഷിക ബഹുമതിയാണ് കെഎംഎ മാനേജ്‌മെന്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ്. രാഷ്‌ട്രപതിയുടെ മുന്‍ സെക്രട്ടറി ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ചെയര്‍മാനായ ജ്യൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. പ്രൊഫ.ഉണ്ണിക്കൃഷ്ണന്‍ നായര്‍, ജോസ് ഡോമിനിക്, പ്രസാദ് പണിക്കര്‍, സുനില്‍ സക്കറിയ എന്നിവര്‍ അംഗങ്ങാളായിരുന്നു.
കൊച്ചി കപ്പല്‍ നിര്‍മാണ ശാലയില്‍ 5 വര്‍ഷം സിഎംഡിയായും 3 വര്‍ഷം ഓപ്പറേഷന്‍സ് ഡയറക്ടറായും പ്രവര്‍ത്തിച്ച സുബ്രഹ്മണ്യം കൊച്ചി കപ്പല്‍ നിര്‍മാണശാലയ്‌ക്ക് ചരിത്ര നേട്ടങ്ങളാണ് സമ്മാനിച്ചത്. എക്കാലത്തെയും മികച്ച വിറ്റുവരവായ 1500 കോടി രൂപ കൊച്ചി കപ്പല്‍ ശാലയ്‌ക്ക് നേടാനായത് സുബ്രഹ്മണ്യത്തിന്റെ കാലഘട്ടത്തിലാണ്. പ്രതിരോധ മേഖലയിലും ചരിത്രങ്ങള്‍ സൃഷ്ടിച്ച് തദ്ദേശീയമായി വിമാനവാഹിനി കപ്പല നിര്‍മ്മിച്ച് നാവിക സേനയ്‌ക്ക് കൈമാറാന്‍ ആയതും സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലാണ്. കെഎംഎ മാനേജ്‌മെന്റ് കണ്‍വന്‍ഷനില്‍ ജ്യൂറി കണ്‍വീനര്‍ കൂടിയായ സുനില്‍ കെ. സക്കറിയയാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത്.















