ഹരിപ്പാട്: മലയാളികളുടെ ആസ്വാദനത്തിന്റെ വൈകാരിക തലങ്ങളില്‍ തന്റെ കൈയൊപ്പ് ചാര്‍ത്തിയ പി. പത്മരാജന്റെ വേര്‍പാടിന് ഇന്ന് ഇരുപത്തിയഞ്ച് വര്‍ഷം തികയുന്നു. പത്മരാജന്‍ അനുസ്മരണ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പത്മരാജന്റെ തറവാടായ മുതുകുളം ഞവരയ്‌ക്കല്‍ വീട്ടില്‍ ഇന്ന് തുടങ്ങുന്ന അനുസ്മരണപരിപാടികള്‍ 25ന് സമാപിക്കും.
ഇന്ന് രാവിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള കഥാസാഹിത്യ രചനാ മത്സരങ്ങള്‍ ആരംഭിക്കും. വൈകിട്ട് പത്മരാജന്‍ ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം. 22ന് വൈകിട്ട് അഞ്ചിന് പത്മരാജന്‍ സ്മരണാജ്ഞലി ചലച്ചിത്രതാരം സുരേഷ്‌ഗോപി ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് ഗാന്ധിമതി ബാലന്‍ അദ്ധ്യക്ഷത വഹിക്കും.
23ന് രാവിലെ 9.30ന് ഞവരയ്‌ക്കല്‍ തറവാട്ട് മുറ്റത്തെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന, പത്മരാജന്‍ കഥകളെ അവലംബിച്ച് ആര്‍ട്ടിസ്റ്റ് ഭട്ടതിരി, മുരളീകൃഷ്ണന്‍ എന്നീ ചിത്രകാരന്മാരുടെ പെയിന്റിംഗ് കളേഴ്‌സ് ഓഫ് ദ എഡ്ജ് പ്രദര്‍ശനം, കോഴിക്കോട് കോളേജിലെ പ്രൊഫ. വസിഷ്ഠ സമാഹരിച്ച പത്മരാജന്‍ ചിത്രങ്ങളുടെ പോസ്റ്റര്‍ പ്രദര്‍ശനം, 9.45ന് ഹയര്‍സെക്കന്ററി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള രചന സാഹിത്യ സിനിമ ശില്‍പ്പശാല ചലച്ചത്ര സംവിധായകരായ ബ്ലസി, ലാല്‍ജോസ് എന്നിവര്‍ ഉദ്ഘാടനം ചെയ്യും.
23ന് വൈകിട്ട് നാലിന് ഗന്ധര്‍വ്വ സ്മരണയില്‍ അശോകന്‍, എ. അനന്ത പത്മനാഭന്‍ തുടങ്ങിയവര്‍ അനുസ്മരണം നടത്തും. അഞ്ചിന് സര്‍ഗ സായാഹ്നം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പത്മരാജന്‍ സിനിമകളിലെ ചലച്ചിത്രഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗന്ധര്‍വ്വ വീണ ഉണരുന്ന സന്ധ്യ സജീവ്, ലാലി. ആര്‍. പിള്ള, ലീന. ആര്‍.പിള്ള, വത്സലാകുമാരിയമ്മ, ഉണ്ണിക്കൃഷ്ണപിള്ള രാധിക എന്നിവര്‍ ചേര്‍ന്ന് ആലപിക്കും.
















