ന്യൂദല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്കുള്ള വിലക്കും ചര്‍ച്ചയാകുന്നു. ദര്‍ഗ്ഗയില്‍ കാലങ്ങളായി സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നിതിനെതിരായ കേസ് കഴിഞ്ഞ ദിവസം മുംബൈ ഹൈക്കോടതി പരിഗണിച്ചിരുന്നു.
ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച ഭരണഘടനാ വിഷയം മുന്‍നിര്‍ത്തിയുള്ള സുപ്രീംകോടതി വിധിക്കു ശേഷം മുംബൈയിലെ ഹാജി അലി ദര്‍ഗ്ഗയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് മുംഹൈ ഹൈക്കോടതി നിലപാട് പറയുമെന്ന് അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് വി.എം ഖനാഡെ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദര്‍ഗയില്‍ സ്ത്രീകള്‍ക്കുള്ള നിരോധനം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ഹൈക്കോടതിയുടെ മുന്നിലുള്ളത്. ശബരിമലയുമായി ബന്ധപ്പെട്ട കേസും ഇതുമായി സമാനതകളുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. ശബരിമലകേസിലെ വിധിക്കു ശേഷം ദര്‍ഗവിഷയത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കേസ് ഫെബ്രുവരി 3ന് വീണ്ടും മുംബൈ ഹൈക്കോടതി പരിഗണിക്കും.
ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കേസ് ഫെബ്രുവരി 8നാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഹാജി അലി ട്രസ്റ്റാണ് സ്ത്രീകള്‍ ദര്‍ഗയില്‍ കയറുന്നത് വിലക്കി തീരുമാനമെടുത്തത്. ദര്‍ഗയുടെ വിശുദ്ധി സംരക്ഷിക്കാന്‍ സ്ത്രീകള്‍ പ്രവേശിക്കാന്‍ പാടില്ലെന്നായിരുന്നു തീരുമാനം. പുരുഷനായ മുസ്ലിം പണ്ഡിതന്റെ ശവക്കല്ലറയ്‌ക്ക് സമീപത്ത് സ്ത്രീകള്‍ എത്താന്‍ പാടില്ലെന്നാണ് ദര്‍ഗ ട്രസ്റ്റിന്റെ നിലപാട്.
















