മാവേലിക്കര: ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തില്‍ വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരണത്തെ ചൊല്ലി പഞ്ചായത്ത് കമ്മറ്റിയോഗത്തില്‍ സിപിഎം അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജി.രാജുവും സ്റ്റാന്റിംഗ് കമ്മറ്റിയംഗവും മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുമായിരുന്ന എസ്.ശശിയും തമ്മിലാണ് വാക്കേറ്റം ഉണ്ടായത്.
കഴിഞ്ഞ ഭരണസമിതിയിലെ പ്രസിഡന്റ് ശശിയുടെ ഭാര്യ സി.ചന്ദ്രലേഖയായിരുന്നു. ശശിയുമായുള്ള വാക്കേറ്റത്തിനിടയില്‍ ചന്ദ്രലേഖ ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്ന് ജി. രാജു ഉന്നയിച്ചു. തന്റെ കൈവശം തെളിവുണ്ടെന്നും രാജു പറഞ്ഞു. ഏറെ നാളായി പുകയുന്ന സിപിഎമ്മിലെ ഗ്രൂപ്പ് പോരാണ് ആരോപണമായി പൊട്ടിത്തെറിച്ചത്. ഇതിനെ തുടര്‍ന്ന് യോഗം ബഹളത്തില്‍ കലാശിച്ചു. അടിസ്ഥാന രഹിതമായ ആരോപണമാണ് രാജു ഉന്നയിക്കുന്നതും അടുത്ത ദിവസം മുതല്‍ ഇതിനെതിരെ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ താനും ഭാര്യയും സത്യാഗ്രഹം ഇരിക്കുമെന്നും ശശി പറഞ്ഞു.
ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റം രൂക്ഷമായി. പിന്നീട് ആരോപണം പിന്‍വലിക്കുന്നതായി രാജു പറഞ്ഞതിനെ തുടര്‍ന്ന് രംഗം ശാന്തമായത്. ഇരുവരും തമ്മില്‍ വാക്കേറ്റം ശക്തമായപ്പോഴും പഞ്ചായത്ത് പ്രസിഡന്റ് സി.കൃഷ്ണമ്മ, വൈസ് പ്രസിഡന്റും സിപിഎം ഏരിയാകമ്മറ്റിയംഗവുമായ സി.സുധാകരക്കുറുപ്പ് എന്നിവരടക്കമുള്ള സിപിഎം അംഗങ്ങള്‍ വിഷയത്തില്‍ ഇടപെട്ടില്ല.
സിപിഎം പഞ്ചായത്തംഗം തന്നെ മുന്‍ ഭരണസമിതിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത് ഗൗരവമാണെന്നും അടിയന്തരമായി ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യണമെന്നും ബിജെപി പഞ്ചായത്തംഗങ്ങളായ രാജേഷ് ഉണ്ണിച്ചേത്ത്, മഞ്ജു അനില്‍, ശ്രീകല എന്നിവര്‍ ആവശ്യപ്പെട്ടു.
















